Sunday 17 February 2008

പൂത്തോള്‍ കഥകള്‍ - നാല്

രാത്രി - രാഗം തിയറ്റര്‍

സൈക്കിളുകള്‍ വരിയായി തിയറ്ററില്‍ നിന്നു പുറത്തു വന്നു..താപ്പയുടെ സൈക്കിളില്‍ ആണ് സകയിരിക്കുന്നത്
പൂത്തോള്‍ റോഡിലേക്ക്‌ തിരിഞ്ഞപ്പോള്‍ പൂച്ചകടി ചോദിച്ചു.

"സകദേവേട്ടാ, എവിടെയാര്‍ന്നു മുള്ളാന്‍ പോയിട്ട്‌, പിന്നെ കണ്ടില്ലല്ലോ"

"ഒന്നും പറയേണ്ട എന്‍റെ ഡേവ്യെ, പേടി മാറാന്‍ കൊറച്ചു നേരം ഇരുന്നപ്പോ ഒറക്കം വന്നു,
അവിടിരിന്നു ഒറങ്ങി, ജോസേട്ടന്‍ വന്നു തട്ടീപ്പളാ എണീറ്റെ. "

" പേടിക്കാന്‍ നീയാര്‌ ചെറ്യെ കുട്ട്യാ, എന്തായാലും ആരും അറിയേണ്ട. " ഭടന്‍ പറഞ്ഞു.

അമ്പലത്തിനു മുന്നില്‍ എത്തിയപ്പോള്‍ സൈക്കിളുകള്‍ നിര്‍ത്തി, പാലതിണ്ണയില്‍ എല്ലാവരും ഇരുന്നു.

"ഡാ പൂച്ചകട്യെ, നീ എന്തിനാ സീറ്റിന്‍റെ താഴെ പോയിരിന്നേര്‍ന്നെ ?" അമ്മ ചോദിച്ചു.

"എന്‍റെ ആനന്ദേട്ടാ, പേടിച്ചിട്ട് എനിക്കിരിക്കപൊറുതിയിണ്ടാര്‍ന്നില്ല, പ്രേതം വന്നിട്ടാ കുട്ടീനെ കൊണ്ടുപോയില്ലേ അപ്പൊ തൊടങ്ങീതാ ഒരു വെറ, പിന്നെ സകദേവേട്ടന്‍ പോയീപ്പോ കൂടെ പോയാലോ എന്നാലോചിച്ചു, നിങ്ങള് തെറി പറഞ്ഞാലോ എന്നുവെച്ചിട്ടിരിന്നതാ, ഒരു പണ്ടാരം പിടിച്ച പടം "

"അപ്പൊ, നീ ആണല്ല ധൈര്യം വേണം പിള്ളാരായാല്‍" അമ്മ പറഞ്ഞു.

"ഇനീപ്പോ ഞാന്‍ ആണാന്നു തെളിയിക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടേ ? "പൂച്ചകടിയുടെ മറുചോദ്യം.

ഉത്തരം പറഞ്ഞതു ഭടന്‍. "ദാ,ആ നിക്കണ തെങ്ങുംമേ കേറി, രണ്ടു കരിക്കിട്, ഞങ്ങള് നീ ആണാണെന്ന് സമ്മതിക്കാം "

"ആ തെങ്ങിന് എന്ത് ഉയരാ, ഇത് മത്യാ. " അടുത്ത് നിക്കുന്ന ചെറു തെങ്ങുകളില്‍ ഒന്നു ചൂണ്ടികാണിച്ചു കൊണ്ടു പൂച്ചകടി ചോദിച്ചു.

"തിരുമേനിടെ വീട്ടില്‍ ലൈറ്റ് ഇണ്ട്, ഇനി ഞാന്‍ തെങ്ങുംമേ കേറി കഴിഞ്ഞട്ടു ആള് വന്ന നിങ്ങളെങ്ങിന്യാ എന്നെ അറിയിക്കാ." പൂച്ചകടിക്ക് സംശയം.

"ഞാന്‍ ചൂളം വിളിക്കാം, അപ്പൊ താഴത്തേക്ക്‌ നോക്കിയാ മതി " നത്തു ഉറപ്പു കൊടുത്തു.

അമ്പലത്തിനടുത്തുള്ള തിരുമേനിയുടെ മനയിലേക്ക് മതിലിലൂടെ പൂച്ചകടി കയറി, താഴത്തേക്ക്‌ ചാടിയ ശബ്ദത്തിനു പുറകെ "അയ്യോ" എന്ന് നിലവിളിയും കേട്ടു.

സകയോഴികെ എല്ലാവരും മതിലിന്‍റെ മുകളില്‍ കേറി താഴോട്ടു നോക്കുകയാണ്. ഇരുട്ടില്‍ പൂച്ചകടിയെ കാണില്ല, വെളുത്തമുണ്ടു മാത്രം കാണാം.

"ഡാ ഡേവ്യെ, ഒന്നു ചിരിക്കടാ ഇരുട്ടത്തു നിന്‍റെ നെറം കൂടിയായിപ്പോ, കണ്ണ് കാണാനില്യ" താപ്പ പറഞ്ഞു

"ആനന്ദേട്ടാ, ഈ കൊരങ്ങന്‍ തിരുമേനി തെങ്ങിന് ചാണം കൊണ്ടു വളം ഇട്ടക്കാര്‍ന്നു, ഞാന്‍ ചാടീത് ആ ചാണത്തിലേക്കാര്‍ന്നു"

"ആ സാരല്യാ, നീ കേറി പോര്" എന്ന് പറഞ്ഞു ആനന്ദന്‍ (അമ്മ) കൈ നീട്ടി.

"ഡേവ്യെ, നീയാണായിട്ടില്യട്ടാ," ഭടന്‍ തമാശയില്‍ പറഞ്ഞു.

"ഭടാ, നീ ചങ്കില്‍ കൊള്ളണ വര്‍ത്തമാനം പറയരുത് " സക താഴെ നിന്നു പറഞ്ഞു.

"എന്നാ, നീ കേറി ഇടു, നിനക്കാച്ചാ ഒരിളവു തരാം, ഒരു കരിക്ക് മതി. " ഭടന്‍ പറഞ്ഞു.

ഇതുകേട്ടു പൂച്ചകടിക്ക് വീര്യം കേറി.

"ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കേറാം", മേലാസകലം ചാണം പുരണ്ടതു വക വെക്കാതെ തെങ്ങിന്‍റെ മുകളിലേക്ക് പൂച്ചകടി വലിഞ്ഞു കേറി.

"പൂച്ചകട്യാരാ മോന്‍!" സക ആദരവ്‌ കൊണ്ടു പറഞ്ഞു.

പാതി തെങ്ങില്‍ കയറി ഇരുന്നു കൊണ്ടു കൈ വീശി കാണിച്ചു പൂച്ചകടി.
പിന്നെ കയ്യിന്‍റെ ബാലന്‍സ്‌ പോയി, ശരീരത്തില്‍ പുരണ്ടിരിക്കുന്ന ചാണംമൂലം തെങ്ങില്‍ നിന്നും കുറച്ചു ദൂരം ശരീരംവെച്ചുരസി താഴോട്ടിറങ്ങി. നെഞ്ചിന്‍റെ തൊലി ചിരണ്ടിയപ്പോള്‍ പൂച്ചകടിയോന്നു പതിയെ നിലവിളിച്ചു.. പക്ഷെ വേദന സകയുടെ മുഖത്തായിരുന്നു.

പിന്നെ തെങ്ങിന് മുകളില്‍ തന്നെ ഇരുന്നുകൊണ്ട്‌ ഭടനെ നോക്കി പറഞ്ഞു
"എനിക്ക് ആണാവണ്ട, നാളെ ഒന്നിനു പോവാന്‍ പറ്റിയാ മതി. "

താഴെ നില്‍ക്കുന്നവര്‍ക്ക് ചിരി, പൂച്ചകടിക്ക് പ്രാണവേദന.

"ഡേവ്യെ, നീ ചാണത്തില് വീണു, പിന്നെ കൊറച്ചു തോലീം പോയി, പക്ഷെ തോറ്റു പിന്‍മാറണതു ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല, ഒരിത്തിരി കൂടെ കേറി കഴിഞ്ഞാ കിട്ടില്ലേ കരിക്ക്. നീ ആലോചിച്ചു നോക്ക്. "
ഭടന്‍ വിടാനുള്ള ഭാവമില്ല.

പാതി മനസ്സോടെ, നീറുന്ന നെഞ്ച്ചും ചാണം മണക്കുന്ന ശരീരവുമായി ഡേവി തെങ്ങില്‍ കേറി.
തെങ്ങിന്‍ പട്ടകള്‍ക്കുള്ളിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി പട്ടകളില്‍ ചാരി ഇരുന്നു.
ഇട്ടിരിക്കുന്ന ഷര്‍ട്ടിലേക്ക് നോക്കി. പുതിയ ഡിസൈന്‍ കണ്ട ഭാവം.പിന്നെ നെഞ്ചൊന്നു തൊട്ടുനോക്കി, വല്ലാതെ നീറുന്നു, ഇത്രക്കും വെളുപ്പുന്ടെന്നു ഇതിന് മുന്‍പ് തോന്നീട്ടില്ല.

താഴെ നിന്നു ഭടന്‍റെ ശബ്ദം കേട്ടു. " ഡേവ്യെ, നീയെന്താ ചെയ്യണേ, കരിക്കിട ഡാ മോനേ !"

"ഭടാ, കരിക്കെനിക്കറിയില്ല, നീ ഇവിടെ വന്നിട്ട് പറഞ്ഞു താ." പൂച്ചകടി പറഞ്ഞു,

"കയ്യില്‍ കിട്ടീത് പോട്ടിച്ചിടടാ ഡേവ്യെ, ഇടണെനും മുന്‍പ് പറയു, ഒന്നാര്‍പ്പ് വിളിക്കാനാ" അമ്മ പറഞ്ഞു.

“ആറാപ്പോ പ്പോയ് പ്പോയ്! ആറാപ്പോ പ്പോയ് പ്പോയ് ! “ ആനന്ദനും ഭടനും നത്തും കൂടി.

പൂച്ചകടി നാല് തേങ്ങകള്‍ ആറാപുകള്‍ക്കിടയില്‍ താഴെക്കെറിഞ്ഞു

ആറാപ്പിന്റെ ശബ്ദം കേട്ടിട്ടു തിരുമേനിയുടെ വീട്ടില്‍ കൂടുതല്‍ ലൈറ്റുകള്‍ തെളിഞ്ഞു

"ഡാ പൂച്ച കട്യെ മതി, ഇറങ്ങു, തിരുമേനി എണീട്ടുന്നാ തോന്നണേ, ഡാ നത്തെ ചൂളം വിളിക്കടാ " അമ്മ ധൃതിയില്‍ പറഞ്ഞു.

നത്തു ചൂളം വിളിച്ചു.

തെങ്ങിന്‍റെ മുകളില്‍ ഇരുന്നു താഴത്തേക്ക്‌ ആദ്യമായി പൂച്ചകടിയൊന്നു നോക്കി.
തല കറങ്ങണ പോലെ. എന്‍റെ പള്ളീ, ഇനി എങ്ങന്യാ താഴെ എത്താ.. കുറച്ചുനേരം പട്ടയില്‍ പിടിച്ചിരുന്നു. താഴെ നിന്നു പിന്നെയും ചൂളം വിളി കേട്ടപ്പോ, ഒരു വിധത്തില്‍ തടിയില്‍ കാലുറപ്പിച്ചു തെങ്ങിന്‍ പട്ടകിളില്‍ പിടിച്ചു താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.

താഴോട്ടുള്ള ഇറക്കത്തില്‍, കയ്യ് ചാണം പോലെ വഴുവഴുപ്പുള്ള എന്തോ ഒന്നില്‍ തടഞ്ഞു.
പിന്നീട് താഴതെക്കുള്ള യാത്ര എളുപ്പമായിരുന്നു.

നെഞ്ചില്‍ നിന്നും ആവി പറക്കുന്ന പോലെ, കണ്ണീരു കാരണം കണ്ണ് കാണാനില്യ .
റോക്കറ്റിന്‍റെ വേഗത്തില്‍ വന്നു താഴെ തെങ്ങിന്‍റെ ചുവട്ടിലുള്ള ചാണത്തിലേക്ക് വീണു.

ഈ ശബ്ദം കേട്ടു തിരുമേനിയുടെ വീട്ടിലെ ജനവാതിലിലൂടെ ഒരു തല പുറത്തു വന്നു.
റോഡില്‍ നില്ക്കുന്ന താപ്പയെയും നത്തിനെയും നോക്കി ചോദിച്ചു.

"ആരാ അവിടെ, എന്താ കുട്ടികളെ ഈ പാതിരാത്രീല് ?"

"തിരുമെന്യേ, വിഷു വരല്ലേ, ആറാപ്പ് വിളിച്ചു പരിശീലിക്യാ, അതിന്‍റെ എടെല് ഈ സകയോന്നു
പാലത്തുന്നുംമേന്നു വീണു അതാ ശബ്ദം കേട്ടേ..ഒന്നൂല്യാ വെള്ളം അടിച്ചാ വയറ്റില് കെടക്കെണ്ടേ, തിരുമേനി കെടന്നോളൂ, ശുഭ രാത്രി " താപ്പ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

" ശിവ ശിവ, എന്തായീ കേക്കണേ, സഹദേവാ…പാറു അറിയണ്ടാ..!"

തിരുമേനി ജനല്‍ അടച്ചതും മതിലിനു മുകളില്‍ ചാണത്തില്‍ മുങ്ങി ഒരു രൂപം പൊന്തി വന്നു. മണം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. കണ്ണും വായും മാത്രം കാണാം, ബാക്കി എല്ലാം ചാണത്തില്‍.

പൂച്ച കടി ഭടന്‍റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. "കണ്ടോടാ ഭടാ, ഞാന്‍ ആണാ.. "

പൂച്ചകടിയുടെ ചുമലില്‍ തട്ടുവാന്‍ ഉയര്‍ത്തിയ കൈ പുറകിലേക്ക് വലിച്ചു കൊണ്ടു ഭടന്‍ പറഞ്ഞു. "സകെ, കണ്ടോടാ ഇങ്ങനാ ആണുങ്ങള്. " .

കരിക്ക് തിന്നുന്നതിനടയില്‍ സകയൊന്നു മുഖമുയര്‍ത്തി നോക്കി. പിന്നെ തേങ്ങ തിന്നു തീര്‍ക്കുവാന്‍ കരാര് വാങ്ങിയപോലെ പണി തുടര്‍ന്നു.

"എനിക്ക് നെഞ്ചുള്ള പോലെ തോന്നണില്യ, അപ്പന്‍ അറിയാണ്ടിരിന്നാ മത്യാര്‍ന്നു. "
ഡേവി തുടര്‍ന്നു. " മുണ്ടും ഷര്‍ട്ടും കേടായി, അമ്മ ഇന്നു എന്നെ പോറത്താക്കും "

"നീ വെഷമികാണ്ടിരിക്കു, ഒന്നു കുളിച്ചാ എല്ലാം ശെരിയാവും. പിന്നെ പഴയ ഷര്‍ട്ടും മുണ്ടും നിന്‍റെ വീട്ടിന്‍റെ പുറത്തു അയലേണ്ടാവും.അത് എടുത്തു വീട്ടില്‍ കേറിയാ മതി." താപ്പ ഐഡിയ കൊടുത്തു. ഡേവി ശരിയെന്നു പറഞ്ഞു തലയാട്ടി.

അടുത്തുള്ള പൈപ്പിനടിയില്‍ ഇരുന്നു കുളിക്കുന്ന ഡേവി. ശരീരത്തിലെ മുറിഞ്ഞ ഇടങ്ങളില്‍ വെള്ളം വീഴുമ്പോള്‍ പുളയുന്നു. ഇപ്പോള്‍ ചാണം പോയി, ബാക്കിയായത് വേദന മാത്രം.
ഉടുത്തിരിക്കുന്ന മുണ്ടഴിച്ച് തല തോര്‍ത്തി, യാത്രപറഞ്ഞു പൂച്ചകടി തന്‍റെ വീട്ടിലേക്ക് പോയി.

സക പറഞ്ഞു. "ഡാ,ഭടാ വല്ല ആവ്ശ്യണ്ടായിരുന്നോ അവനെ തെങ്ങില്‍ കേറ്റാന്‍, പാവം വല്ലാണ്ടെ ബുദ്ധിമുട്ടി!".

"എന്നിട്ട് നീ തേങ്ങയിരുന്നു ഞണ്ണിയതോ സകേ, നിനക്കു വെച്ചതായിരുന്നു പക്ഷെ അവന്‍ അത് ചോദിച്ചു വാങ്ങി, ആണ്‍പിള്ളേരങ്ങിന്യാ സകേ, നിനക്കു മനസ്സിലാവില്യ. " ഭടന്‍ മറുപടി കൊടുത്തു.

സകക്ക് രസിച്ചില്ല, പിന്നെ ഒന്നും പറയാതെ സൈക്കിള്‍ തള്ളി.

സൈക്കിള്‍ ഉന്തുന്നതിനിടയില്‍ നത്തു ഭടനെ നോക്കി തല കൊണ്ടു എന്തോ ആംഗ്യം കാണിച്ചു. ഭടന്‍ തലകുലുക്കി കൊണ്ടു സമ്മതിക്കുകയും ചെയ്തു.

അഞ്ചുമുറി എത്തിയതോടെ എല്ലാവരും പിരിഞ്ഞു പോയി.

രാത്രി ഇനിയും ബാക്കിയാണ്.

(തുടരും)