Saturday 9 February 2008

പൂത്തോള്‍ കഥകള്‍ - രണ്ടു

രംഗം രണ്ടു

രാത്രി.. അഞ്ചു മുറി കട്ട

രാത്രി ഭക്ഷണം കഴിഞ്ഞു കൂട്ടരെ കണ്ടു ലോക കാര്യങ്ങള്‍ ചര്ച്ച ചെയ്യുവാന്‍ സഹദേവ നിറങ്ങി..അഞ്ചുമുറി കട്ട രാത്രിയിലും സജീവം.. പഞ്ചാര മുക്കില്‍ പല പ്രമാണികളും സ്ഥാന മുറപ്പിചിരിക്കുന്നു.... ചര്‍ച്ചയും റമ്മിയും കൈകോര്‍ത്തു പോകുന്ന ഒരു കലാവിരുന്ന്..

ചില പുതു മുഖങ്ങളെ പരിചയപ്പെടുക

അമ്മ : ഈ അമ്മ ആണാണ് , പേരു ആനന്ദന്‍, മുപ്പത്തി അഞ്ചിനോടടുത്തു പ്രായം, അഞ്ചു മുറിയിലെ കലാ പരിപാടികളുടെ കണ്‍വീനര്‍, പിന്നെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി അമ്മയെ പോലെ നോക്കി നടത്തുന്നതു കൊണ്ടു സുഹൃത്തുക്കള്‍ക്ക് വേറെ പേരന്വേഷിക്കേണ്ടി വന്നില്ല. ഓട്ടോ റിക്ഷകള്‍ക്ക് സീറ്റ് തയ്യാറാക്കലാണ് പണി. സിനിമയും പഴയ ഗാനങ്ങളും വല്ലാതെ സ്നേഹം വന്നാല്‍ പറയുന്ന എം ജി ആര്‍ തമിഴും ആണ് പ്രത്യേക താല്പര്യങ്ങള്‍.

ഭടന്‍ : മുപ്പതിനോടടുത്തു പ്രായം, പേരു മുരളി, അങ്ങിനെ വിളിക്കുന്നത് വീട്ടുകാര്‍ മാത്രം. പ്രത്യേകിച്ച് പണിയൊന്നും ഇല്ല.. അച്ഛനെ സഹായിക്കുവാന്‍ ഓട്ടു കമ്പനിയില്‍ പോകും ചിലപ്പോള്‍. അല്ലെങ്കില്‍ പുസ്തകത്തിനു പുറകില്‍ ഉണ്ടാകും, വിനോദങ്ങള്‍ ചീട്ടുകളി, സിനിമ, ഒരു രസത്തിനു വെള്ളമടി

നത്ത് : പേരു കിഷോര്‍, ഇരുപത്തി അഞ്ചു വയസ്സെന്കിലും പ്രായം കാണും, ബാര്‍ബര്‍ ആണ്.. അഞ്ചു മുറിയിലെ സുന്ദരന്‍ മാരില്‍ ഒരാള്‍.. സ്വന്തം കടയും സിനിമാ ഗാനങ്ങളും നിറഞ്ഞ ജീവിതം. നത്തിനെ പോലെ ശബ്ദം ഉണ്ടാക്കി ചിരിക്കുന്നതിനാല്‍ അഞ്ചു മുറി വാസികള്‍ സ്നേഹത്തോടെ നല്കിയ പേരു..

താപ്പ : പേരു പ്രദീപ്‌, മുപ്പത്തിആറെങ്കിലും വയസ്സ് തോന്നും. പ്രത്യേകിച്ച് പണിയൊന്നും ഇല്ല, ഹോബികള്‍ വായ് നോട്ടം, ഫുട്ബോള്‍, ചീട്ടു കളി, വെള്ള മടി, സിനിമ.. പണം കൊടുക്കുവാന്‍ മാമന്‍മാരും അമ്മയും ഉള്ളപ്പോള്‍ പിന്നെയെന്തിനു ജോലി.

അഞ്ചു മുറി കട്ടയിലെ തെരുവ് വിളക്കിന്‍റെ കീഴിലാണ് ചീട്ടു കളി നടക്കുന്നത്
ഭടനും അമ്മയും നത്തും താപ്പയും കളിക്കുന്നു.. സഹദേവന്‍ അടുത്തെത്തി..

" എന്താ ഭടാ.., പോക്കാ വരവാ ഇന്നു.."
" ഇന്നു രാശി ശരിയല്ല...ഈ നത്തു ചീട്ടു ഇട്ടു തരണ്ടേ. അതിന്‍റെ മേലെ കേറിരിന്നു മൊട്ടയിടാ .."
നത്തിന്‍റെ ശബ്ദത്തോടെ ചിരിക്കുന്ന കിഷോര്‍.
" ഇരിക്ക് സകെ, എന്താ നിനക്കു പോയീട്ട് കല്യാണം കഴിക്കാനുണ്ടാ " ആനന്ദന്‍ പറഞ്ഞു.
" ഏയ് ഇല്യ, ഞാന്‍ കേറി ആരാ ലീസ്റ്റ്, ഡാ താപ്പേ...മ്വാനെ പള്ളസൈടീക്കോടെ ചീട്ടു താ ട്ടാ.."

കളി തുടങ്ങുന്ന സഹദേവന്‍..

"ഇന്നു ഞാന്‍ കൊമാളെച്ചിയെ കണ്ടു.. പിന്നേം ജെട്ടി പോയീത്രെ, കക്കാന്‍ ഇത്രക്കധികം എവിടെന്നാ എന്ന് ചോദിച്ചപ്പോ കോമളെച്ചി ഉത്തരം പരയാണ്ടേ മുഖം കനപ്പിച്ചു പോയി. എന്നാലും ആ കള്ളന്‍റെ ഒരു കാര്യേ..അവന് വേറെ ഒന്നും കിട്ടീല്യെ *@#~ "

" ഡാ സകെ, നിന്‍റെ കട്ടു പോയ്വാ, ഇനി പോയാല്‍ തന്നെ ഞാന്‍ റെക്സിന്‍ വെച്ചു ഓട്ടോ റിക്ഷ്ക്ക് വെക്കണ പോലെ ഒരെണ്ണം ഇണ്ടാക്കാം മത്യാ ? "

“ കോമളേച്ചിക്ക് പോയാ ബാലേട്ടന്‍ ഇണ്ട്, നീ വേഷമിക്കണ്ടാ ട്ടാ.. , നീ ചീട്ടിട് " ആനന്ദന്‍ പറഞ്ഞു തീര്‍ത്തു..

“ എന്‍റെ പോയീട്ടില്യ..”.

"സകേ, പുത്യേ പടം വന്നിട്ടിണ്ട് രാഗത്തില്
ഇംഗ്ലീഷാ, പേടിപ്പിക്കണതാണെന്ന് മൂത്താന്‍ പറയണ കേട്ടു..
നീ വരുണ്ണ്ടാ നാളെ സേക്കണ്ടിനു പൂവാം " ഭടന്‍ പറഞ്ഞു..

" പോള്‍ടര്‍ഗൈസ്ട്ട് ന്നാ പേരു.. " നത്തു പറഞ്ഞു
" ശെരി, ന്നാ നാളെ പൂവാം. " സക പറഞ്ഞു

“ ജോസേട്ടനോട് പറഞ്ഞാ ടിക്കെറ്റടുക്കാം“ താപ്പയും കൂടി..

"പ്രേതത്തിന്‍റെ കഥ്യാ സകെ.. നിന്‍റെ ഫേട്ടറീല്‍ത്തെ പ്രേതത്തിനെ കണ്ട ക്ഷീണം മാറിയാ ?" ഭടന്‍ ചോദിച്ചു..

"ഭടാ, എന്നെ ഓര്‍മ്മിപ്പിക്കല്ലേ നീയ്, ഇപ്പോഴും ആ വിറ മാറീട്ടില്യ". സക പറഞ്ഞു തുടങ്ങി..

" രണ്ടീസം ഒന്നും രണ്ടും പൂവാണ്ടേ കെടപ്പിലായിരുന്നു.. ഈ പ്രേതത്തിനു ഇതൊക്കെ അറിയണാ. എനിക്ക് പിറ്റേ ദേവസം പെണ്ണ് കാണാനായ് പോകണ്ടാതാര്‍ന്നു, ഒന്നും നടന്നില്ല.. അവസാനം അമ്മേം സഖാവ് രാമനും (അച്ഛന്‍) പോയി കണ്ടു.. അവര്ക്കു പിടിചില്യ"

" ആരേ പ്രേതത്തിന്യാ ? " നത്തു ഇടയില്‍ കയറി..

" അപ്പൊ പെണ്ണ് പ്രേതായിരുന്നോ..? " ഭടന്‍ ചോദിച്ചു..

" ഡാ ഗട്യെ, ഞാന്‍ പ്രേതത്തിനെ അല്ലേടാ പറഞ്ഞേ, പാപ്പന്‍റെ പരിചയത്തില്‍ വന്ന പെണ്ണാ. കാണാന്‍ ചരക്കായിരുന്നു..പാറുവേടത്തി ചതിച്ചു , പെണ്ണിന്‍റെ ഭംഗി കാരണം എനിക്ക് ചേരില്ലാന്നു പറഞ്ഞു.. ഇങ്ങിനെ ഇണ്ടാവോ തള്ളമാര്.. "

"സകേ, നിന്‍റെ സൌന്ദര്യത്തിനു ഒരു വെല്ലുവിളിയായി നീയിതെടുക്കണം, നല്ല മണി മണി പോലെള്ള പ്രേതങ്ങളില്ലേ അല്ല പെണ്ണുങ്ങളില്ലേ ഈ തട്ടകത്തില്‍, ഉദാഹരണത്തിന് കോമളാണ്ടി യുടെ പെണ്ണില്യേടാ എന്താ പേരു, ങാ ഇന്ദൂ, അവളെ നോക്കെടാ.. പഠിപ്പും ഉണ്ട്, പിന്നെ കാശും , നല്ലൊരു അമ്മായി അമ്മേം.. ദുബായില്‍ത്തെ ഷേക്ക്‌ അമ്മാനച്ചനും നിനക്കു കോളാ.., പിന്നെ നിന്‍റെ അച്ഛന്‍റെ സ്കൂള്‍ തുടങ്ങാനുള്ള പിള്ളാരെ ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയേക്കരുത് ആദ്യമേ പറഞ്ഞേക്കാം, എല്ലാത്തിനും ഒരു കണക്കുണ്ട്.. നീയ് ചീട്ടിടു..", അമ്മ പറഞ്ഞു.

"ഡാ മോനേ, എനിക്ക് അത്രയ്ക്കൊന്നും പൂതി ഇല്ല, സുന്ദരിയും ആര് കണ്ടാലും ഒന്നു നോക്കിപോണ മാതിരി ഒരിത്തിരി ഭംഗ്യീം മതി.. പിന്നെ ഇവിടെ തന്നെ അല്ലെ ജീവിക്കണേ നിങ്ങളൊക്കെ അതിനെ നോക്കി നോക്കി എക്സ്റേം സ്കാനും ചെയ്തു ഒന്നും ബാക്കി കാണില്യാ.. ഇന്ദൂനെ ചോദിച്ചാ കോമളേച്ചി കൂടെ പോരും, മോനേ എനിക്ക് ഒന്നേ താങ്ങാന്‍ വയ്യാ.. "

“പിന്നെ രാമന്‍ സഖാവിന്‍റെ ലീലാവിലാസങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ ശെരിയാവില്യ, തന്തെ കുറ്റം പറയാന്‍ പാടില്യാന്നാ സഖാവ് ലെനിന്‍ പറഞ്ഞെര്‍ക്കണേ.. ഒരു പാര്‍ട്ടി തോടങ്ങാനുള്ള ആളുകള്‍ ഇണ്ട് ഇപ്പൊ വീട്ടില്, പാറുവേടത്തി ഒന്നു തോന്നുമ്പോ നേഴ്സ് റൂമില്‍ പോയി പെറ്റിട്ടു പെറ്റിട്ടു പിള്ളേര് പത്തായി .. അതൊക്കെ പോട്ടെ നീ പ്രേതത്തിന്‍റെ കഥ പറയ്‌.. “

“ സകേ, ഈ പടം പുതിയ വീട്ടിലേക്ക് താമസം ഒരു ചെറിയ കുടുമ്പത്തിന്‍റെ കഥയാ.. പ്രേതങ്ങള്‍ വന്നിട്ട് ആദ്യമൊക്കെ തമാശ കാണിപ്പിച്ചു രസിപ്പിക്കും, പിന്നെ പിന്നെ പ്രശ്നങ്ങള്‍ തുടങ്ങും, അവരുടെ ചെറിയ കുട്ടിയെ വരെ തട്ടിക്കൊണ്ടു പോകും.. ഇങ്ങിനത്തെ പ്രേതങ്ങള്‍ ജെര്‍മനിയില്‍ ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്..
അതിന് ഇരുപതിലും താഴെയുള്ള പെണ്‍കുട്ടികളെയാണ് സാധാരണ ഒരു മാധ്യമമായി ഉപയോഗിക്കുന്നത്.. ഇതു വരുമ്പോള്‍ ഭയങ്കര ഒച്ചയും ബഹളവും ആണെന്നാണ്‌ കേട്ടത്..”

" ഒച്ചയും ബഹളവും എന്ന് പറഞ്ഞാലെങ്ങിന്യാ.". സകക്ക് സംശയം

" ഞാന്‍ വരുനുണ്ട് എന്ന് പറഞ്ഞിട്ടു പ്രേതം വരോ സകേ," അമ്മ തമാശയില്‍ ചോദിച്ചു.

"ചെറിയ മുട്ടുകളും തട്ടുകളും ഒക്കെ ആയി തൊടങ്ങും പിന്നെ കിടക്കുന്ന കട്ടിലും അലമാരിയും എല്ലാം പിടിച്ചു കുലുക്കും ചെലപ്പോ തീയും കൊളുത്തും വെള്ളം തളിക്കേം ഒഴിക്കേം പിന്നെ കല്ലെടുത്തു എറിയേം ചെയ്യണ നല്ല തലക്ക് പിടിക്കണ പ്രേതം.." ഭടന്‍ പറഞ്ഞു നിര്‍ത്തി..

“ഇതും നമ്മുടെ പോസ്റ്റ്മറെടെ (ഹംസ) പെങ്ങളുടെ പ്രേതവും തമ്മില്‍ നല്ല ചേര്‍ച്ചയാണല്ലോ”..താപ്പ പറഞ്ഞു .

സകദേവന്‍ ചീട്ടു താഴെവെച്ചു വായും തുറന്നങ്ങിനെ ഇരിക്കയാണ്...

"ഡാ ഭടാ, വല്ല ആവശ്യണ്ടായിരുന്നാ ഇവന് പ്രേതകഥ പറഞ്ഞു കൊടുക്കാന്‍, പാറു വേടത്തി ഓങ്ങിവെച്ചതാ കഴിഞ്ഞ തവണ താപ്പക്ക്, ഇതു നിനക്കു തടയാനുള്ള സകല ലക്ഷണവും ഉണ്ട്"

ഡാ സകേ, നിനക്കു ആണുങ്ങളുടെ പോലെ ധൈര്യം വേണം, ചുമ്മാ ആണാന്നു പറഞ്ഞു ഡാഷ് കൊളുത്തിയിട്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല.., നത്തെ നീ പോയിന്‍റ് എഴുതു .. അമ്മ പറഞ്ഞു..

" ഇതാപ്പോ നന്നായെ, സക ചോദിച്ചു ഞാന്‍ പറഞ്ഞു.. അതിന് പാറുവേടത്തിക്ക് എന്ത് പോയി..ഇവനാര് ചെറിയ കുട്ട്യാ, വയസ്സ് ഇമ്മിണി ആയീട്ടും പേടിമാറീല്യാന്നു പറഞ്ഞാല്‍ മോശം, പെണ്ണു കിട്ടില്ലാ.. പറഞ്ഞില്ലാ എന്ന് വേണ്ട സകേ.. " .

"ഡാ, ഗട്യെ എനിക്ക് ധൈര്യം ഇല്യാന്നാ വിചാരിച്ചേ. അന്ന് ഒട്ടു കമ്പനീല്‍ കണ്ട പ്രേതം ചുണ്ണാമ്പു ചോദിച്ചതാ..ഞാന്‍ ബീഡി തരാന്ന് പറഞ്ഞു, പിന്നെ ബീഡി കൊടുക്കാനായി നടന്നു പ്രേതത്തിന്‍റെ അടുത്ത് ചെന്നത്‌ മാത്രമെ ഓര്‍മയുള്ളൂ.. പ്രേതത്തിന്‍റെ കയ്യിനു ഭയങ്കര തണുപ്പായിരുന്നു.. ഐസും പെട്ടീന്നു ഇറങ്ങി വന്ന പോലെ.. മൊഖം ഏകദേശം നമ്മടെ സുഹറെയെ പോലെ ഉണ്ടായിരുന്നു.. സുഹറക്ക് എന്നെ ഇഷ്ടായിരുന്നു, എനിക്കും അവളെ വല്യ കാര്യായിരുന്നു, അവളോട് പറഞ്ഞില്ലാന്നു മാത്രം. അതിന്‍റെ ഇടക്ക് തൂങ്ങിചാവുമെന്നു ആരെങ്കിലും വിചാരിച്ചോ.."

" ഹംസ കേക്കണ്ട, നിന്‍റെ വാള്‍വും ട്യുബും മാറ്റി റികണ്ടീഷന്‍ ആക്കി റോഡില്‍ ഇറക്കും "

“സകേ ശെരിക്കു പറഞ്ഞു താ.. എന്താണ്ടായെ ഫേട്ടറീല് ?” നത്തിനു ആകാംക്ഷ

“ഓട്ടു കമ്പനീല്‍ക്ക് അന്ന് ലെയ്ത്തിന്‍റെ പണിക്കു വിളിച്ചിട്ട് പോയീതാന്‍റെ മോനേ.. പണി തീരാണ്ട് വന്നപ്പോ, രാത്രി തന്നെ ചെയ്യാന്‍ നമ്മടെ ഓണര്‍ വിഭാഗം പറഞ്ഞു.. പിന്നെ എതിര് പറയാണ്ടെ ഞാനും ജോസപ്പും പണി തൊടങ്ങി, വെശ്ന്നപ്പോ ഊണു കഴിക്കാന്‍ സായിവിന്‍റെ ചായ കടേലിക്ക് എറങീതാ, ഞാന്‍ തീപെട്ടീം ബീടീം ടൂള്‍ ബോക്സ്മ്മേ മറന്നു വെച്ച കാരണം, ഇടുക്കാന്‍ ഒറ്റക്ക് തിരിച്ചു പോയതാ ഗട്യെ,
ലെയ്തിന്‍റെ പള്ളസൈഡില്‍ ദേ ഇരിക്കുണൂ വെളുത്ത സാരിട്ത്ത ഇസ്ത്രീ.. എനിക്ക് മുട്ടു വേറച്ചിട്ടുനിക്കണില്യ, എന്നെ നോക്കാണ്ടേ അത് പൊറം തിരിഞ്ഞിരിക്കാര്‍ന്നു..”


“ തിരിച്ചു ഓടാംന്ന് കരുതി തിരിഞ്ഞപ്പോ ദേ നിക്കണൂ എന്‍റെ മുന്‍പില്‍..
ചിലമ്പണ സ്വരത്തില്‍ എന്നോട് ചോദിച്ചൂ.. ചുണ്ണാമ്പു തര്വോന്ന് ..”

“ എന്‍റെ മോനേ.. ഇതു കേട്ടതോടെ എന്‍റെ കിളി പോയീ.. ന്‍റെ മുണ്ട് കുത്തിയത് അഴിഞ്ഞു പോയത് ഞാന്‍ അറിഞ്ഞില്ലാ.. പിന്നെ ബാക്കീണ്ടാര്‍ന്ന ധൈര്യം വച്ചു ചോദിച്ചു, ബീഡി മത്യാ പ്രേതചേച്ച്യേ.. നമ്മുക്ക് ഷെയര്‍ ആയി വലിക്കാന്നു പറഞ്ഞു..എന്‍റെ കയ്യില്‍ പിടിച്ചു പ്രേത ചേച്ചി..മൊകം കണ്ടത്‌ അപ്പളാണ്, സോഹറെടെ മൊകം പോലെ തോന്നി.. കണ്ണില്‍ കൃഷ്ണമണി കണ്ടില്ല, പിന്നെ ഭയങ്കര തണുപ്പാര്‍ന്നൂ എന്നെ തൊട്ടപ്പോ.. കയ്യീക്കോടെ തണുപ്പങ്ങിനെ തലയിലേക്ക്‌ കേറി, കണ്ണടഞ്ഞു പോയീ..”

“എണീറ്റപ്പോ ജോസപ്പ് എന്നെ പിടിച്ചു ഫേട്ടറീടെ പൊറത്ത്ള്ള മരത്തുംമേ ചാരി ഇരിത്തീക്കാര്‍ന്നു.. ചായകടെല്‍ത്തെ സായിവ് കുറച്ചു വെള്ളം തന്നത്‌ കുടിച്ചതോര്‍മ്മെണ്ട്.. പിന്നേം ബോധം പോയി.”

“എന്‍റെ മോനേ പിന്നെ ഒരാഴ്ച നിക്കകള്ളിണ്ടാര്‍ന്നില്ല.. പിന്നെ പാണന്‍ ശങ്കരേട്ടന്‍റെ വീട്ടിലാര്‍ന്നു കെടപ്പ്‌, രെക്ഷ കെട്ടി രെക്ഷ കെട്ടി എന്‍റെ മേലാകെ പമ്പരത്തിന് ചാട്ട ചുറ്റിയ മാതിരിയാര്‍ന്നു..”

“ പിന്നെ മൂത്താന്‍ (ആനന്ദന്‍റെ ചേട്ടന്‍) വന്നു ബോസാന്‍ (കഞ്ചാവ്‌) തന്നപ്ലാ ധൈര്യം കിട്ടീത്.. ഇന്നും അത് വേണ്ടി വരൂന്നാ തോന്നണേ എന്‍റെ മൊടപിലായി ഭഗവത്യെ "

"മൂത്താന്‍ ഇണ്ടാ വീട്ടില്.". സക അമ്മയോട് ചോദിച്ചു

" അവടെ കെടക്കിണ്ടാവും, പോയി നോക്ക്.". അമ്മ പറഞ്ഞു

" ഞാനിപ്പോ വരാം " എന്ന് പറഞ്ഞിട്ടു സക അമ്മയുടെ വീട്ടിലേക്ക് പോയി

"ഭടാ നമ്മുക്ക് സകേനെ ഒന്നു പറ്റിച്ചാലോ.. സോഹറയെ കണ്ട സ്ഥിതിക്ക് ആ പേരു വെച്ചു നമുക്കു പേടിപ്പിക്കാം, നാളെ ആവട്ടെ.." നത്തു പറഞ്ഞു..

"പാറുവേടത്തീടെ തെറി നിനക്കറിയാണ്ടാ മോനേ, അത് കുളിച്ചാലൊന്നും പൂവില്ല, കഷ്മിത്തെടെ സായിവിനു കൊടത്തത് നിനക്കൊര്‍മീല്യെ ഭടാ.. വെറുതെ വേണ്ടാ.." അമ്മ എതിര്‍ത്തു..

" ഈ അമ്മേടെ ഒരു പേടി, ഡാ നമുക്കു ഒളിഞ്ഞിട്ടു ചെയ്താ മതി..നാളെ സെക്കന്‍റ് ഷോ കണ്ടു കഴിഞ്ഞു വന്നു സക ഒറങ്ങുംമ്പോ നമക്ക് പണി തൊടങ്ങാം..തയ്യാറുണ്ടാ ?, ഉണ്ടെന്കില്‍ ആണുങ്ങളുടെ പോലെ പറയ് ഭടാ " നത്തു വാശി പിടിച്ചു

"പോള്‍ടര്‍ഗൈസ്ട്ട് " ഭടന്‍ പറഞ്ഞു ...

താപ്പയും നത്തും ചിരിച്ചു.. എങ്ങിനെ ഇവരെ തടയണം എന്നറിയാതെ അമ്മ വിഷമിച്ചു നിന്നു.. രാത്രി തീരുന്നതിനു മുന്‍പ് കളി നിര്‍ത്തി എല്ലാവരും പിരിഞ്ഞു പോയി.

തുടരും

7 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

".. പിന്നെ ബാക്കീണ്ടാര്‍ന്ന ധൈര്യം വച്ചു ചോദിച്ചു, ബീഡി മത്യാ പ്രേതചേച്ച്യേ.. നമ്മുക്ക് ഷെയര്‍ ആയി വലിക്കാന്നു പറഞ്ഞു..എന്‍റെ കയ്യില്‍ പിടിച്ചു പ്രേത ചേച്ചി..മൊകം കണ്ടത്‌ അപ്പളാണ്, സോഹറെടെ മൊകം പോലെ തോന്നി.. കണ്ണില്‍ കൃഷ്ണമണി കണ്ടില്ല, പിന്നെ ഭയങ്കര തണുപ്പാര്‍ന്നൂ എന്നെ തൊട്ടപ്പോ.. കയ്യീക്കോടെ തണുപ്പങ്ങിനെ തലയിലേക്ക്‌ കേറി, കണ്ണടഞ്ഞു പോയീ..”

.........നന്നായിരിക്കുന്നു............

ശ്രീ said...

നല്ല രസകരമായ ശൈലി തന്നെ മാഷേ...
തുടരട്ടേ.
:)

പ്രയാസി said...

തുടരുന്ന കഥയാണെല്‍ ഇനിയും പലതും പ്രതീക്ഷിക്കാമല്ലൊ..!:)

കഥക്കുള്ള ടെമ്പ്ലേറ്റിനു ബ്ലാക്ക് നല്ലതല്ല..

പ്രയാസീടെ ഒരു അഭിപ്രായം..:)

Gopan | ഗോപന്‍ said...

ഇതു വായിച്ചു അഭിപ്രായമെഴുതിയ അന്യനും, ശ്രീ മാഷിനും, പ്രയാസി മാഷിനും വളരെ നന്ദി. പ്രയാസി മാഷേ: ഞാന്‍ ടെമ്പ്ലേറ്റ് മാറ്റി.. (സ്പെഷ്യല്‍ താങ്ക്സ്‌)

ശ്രീവല്ലഭന്‍. said...

ഗോപര്‍,
ഇതും വായിച്ചു. കൊള്ളാം

asdfasdf asfdasdf said...

നാടന്‍ സംഭാഷണങ്ങള്‍ ഇട്ടമ്പോലെ ണ്ട്. പോരട്ടങ്ങ്ട്..

മാണിക്യം said...

.. പിന്നെ ഇവിടെ തന്നെ അല്ലെ
ജീവിക്കണേ നിങ്ങളൊക്കെ
അതിനെ നോക്കി നോക്കി
എക്സ്റേം സ്കാനും ചെയ്തു
ഒന്നും ബാക്കി കാണില്യാ....

നോക്കി ദഹിപ്പിക്കുമ്പോലെ
ഓന്തു നൊക്കുമ്പോലെ
എന്നൊക്കെ കേട്ടിട്ടുണ്ട്
ഈപ്രയോഗം ഒരു പടി കൂടി
മോളിലായി ഞാന്‍ മൂന്നാം
ഭാഗത്തേയ്ക്ക് നീങ്ങുന്നു :)