Sunday, 17 February 2008

പൂത്തോള്‍ കഥകള്‍ - നാല്

രാത്രി - രാഗം തിയറ്റര്‍

സൈക്കിളുകള്‍ വരിയായി തിയറ്ററില്‍ നിന്നു പുറത്തു വന്നു..താപ്പയുടെ സൈക്കിളില്‍ ആണ് സകയിരിക്കുന്നത്
പൂത്തോള്‍ റോഡിലേക്ക്‌ തിരിഞ്ഞപ്പോള്‍ പൂച്ചകടി ചോദിച്ചു.

"സകദേവേട്ടാ, എവിടെയാര്‍ന്നു മുള്ളാന്‍ പോയിട്ട്‌, പിന്നെ കണ്ടില്ലല്ലോ"

"ഒന്നും പറയേണ്ട എന്‍റെ ഡേവ്യെ, പേടി മാറാന്‍ കൊറച്ചു നേരം ഇരുന്നപ്പോ ഒറക്കം വന്നു,
അവിടിരിന്നു ഒറങ്ങി, ജോസേട്ടന്‍ വന്നു തട്ടീപ്പളാ എണീറ്റെ. "

" പേടിക്കാന്‍ നീയാര്‌ ചെറ്യെ കുട്ട്യാ, എന്തായാലും ആരും അറിയേണ്ട. " ഭടന്‍ പറഞ്ഞു.

അമ്പലത്തിനു മുന്നില്‍ എത്തിയപ്പോള്‍ സൈക്കിളുകള്‍ നിര്‍ത്തി, പാലതിണ്ണയില്‍ എല്ലാവരും ഇരുന്നു.

"ഡാ പൂച്ചകട്യെ, നീ എന്തിനാ സീറ്റിന്‍റെ താഴെ പോയിരിന്നേര്‍ന്നെ ?" അമ്മ ചോദിച്ചു.

"എന്‍റെ ആനന്ദേട്ടാ, പേടിച്ചിട്ട് എനിക്കിരിക്കപൊറുതിയിണ്ടാര്‍ന്നില്ല, പ്രേതം വന്നിട്ടാ കുട്ടീനെ കൊണ്ടുപോയില്ലേ അപ്പൊ തൊടങ്ങീതാ ഒരു വെറ, പിന്നെ സകദേവേട്ടന്‍ പോയീപ്പോ കൂടെ പോയാലോ എന്നാലോചിച്ചു, നിങ്ങള് തെറി പറഞ്ഞാലോ എന്നുവെച്ചിട്ടിരിന്നതാ, ഒരു പണ്ടാരം പിടിച്ച പടം "

"അപ്പൊ, നീ ആണല്ല ധൈര്യം വേണം പിള്ളാരായാല്‍" അമ്മ പറഞ്ഞു.

"ഇനീപ്പോ ഞാന്‍ ആണാന്നു തെളിയിക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടേ ? "പൂച്ചകടിയുടെ മറുചോദ്യം.

ഉത്തരം പറഞ്ഞതു ഭടന്‍. "ദാ,ആ നിക്കണ തെങ്ങുംമേ കേറി, രണ്ടു കരിക്കിട്, ഞങ്ങള് നീ ആണാണെന്ന് സമ്മതിക്കാം "

"ആ തെങ്ങിന് എന്ത് ഉയരാ, ഇത് മത്യാ. " അടുത്ത് നിക്കുന്ന ചെറു തെങ്ങുകളില്‍ ഒന്നു ചൂണ്ടികാണിച്ചു കൊണ്ടു പൂച്ചകടി ചോദിച്ചു.

"തിരുമേനിടെ വീട്ടില്‍ ലൈറ്റ് ഇണ്ട്, ഇനി ഞാന്‍ തെങ്ങുംമേ കേറി കഴിഞ്ഞട്ടു ആള് വന്ന നിങ്ങളെങ്ങിന്യാ എന്നെ അറിയിക്കാ." പൂച്ചകടിക്ക് സംശയം.

"ഞാന്‍ ചൂളം വിളിക്കാം, അപ്പൊ താഴത്തേക്ക്‌ നോക്കിയാ മതി " നത്തു ഉറപ്പു കൊടുത്തു.

അമ്പലത്തിനടുത്തുള്ള തിരുമേനിയുടെ മനയിലേക്ക് മതിലിലൂടെ പൂച്ചകടി കയറി, താഴത്തേക്ക്‌ ചാടിയ ശബ്ദത്തിനു പുറകെ "അയ്യോ" എന്ന് നിലവിളിയും കേട്ടു.

സകയോഴികെ എല്ലാവരും മതിലിന്‍റെ മുകളില്‍ കേറി താഴോട്ടു നോക്കുകയാണ്. ഇരുട്ടില്‍ പൂച്ചകടിയെ കാണില്ല, വെളുത്തമുണ്ടു മാത്രം കാണാം.

"ഡാ ഡേവ്യെ, ഒന്നു ചിരിക്കടാ ഇരുട്ടത്തു നിന്‍റെ നെറം കൂടിയായിപ്പോ, കണ്ണ് കാണാനില്യ" താപ്പ പറഞ്ഞു

"ആനന്ദേട്ടാ, ഈ കൊരങ്ങന്‍ തിരുമേനി തെങ്ങിന് ചാണം കൊണ്ടു വളം ഇട്ടക്കാര്‍ന്നു, ഞാന്‍ ചാടീത് ആ ചാണത്തിലേക്കാര്‍ന്നു"

"ആ സാരല്യാ, നീ കേറി പോര്" എന്ന് പറഞ്ഞു ആനന്ദന്‍ (അമ്മ) കൈ നീട്ടി.

"ഡേവ്യെ, നീയാണായിട്ടില്യട്ടാ," ഭടന്‍ തമാശയില്‍ പറഞ്ഞു.

"ഭടാ, നീ ചങ്കില്‍ കൊള്ളണ വര്‍ത്തമാനം പറയരുത് " സക താഴെ നിന്നു പറഞ്ഞു.

"എന്നാ, നീ കേറി ഇടു, നിനക്കാച്ചാ ഒരിളവു തരാം, ഒരു കരിക്ക് മതി. " ഭടന്‍ പറഞ്ഞു.

ഇതുകേട്ടു പൂച്ചകടിക്ക് വീര്യം കേറി.

"ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കേറാം", മേലാസകലം ചാണം പുരണ്ടതു വക വെക്കാതെ തെങ്ങിന്‍റെ മുകളിലേക്ക് പൂച്ചകടി വലിഞ്ഞു കേറി.

"പൂച്ചകട്യാരാ മോന്‍!" സക ആദരവ്‌ കൊണ്ടു പറഞ്ഞു.

പാതി തെങ്ങില്‍ കയറി ഇരുന്നു കൊണ്ടു കൈ വീശി കാണിച്ചു പൂച്ചകടി.
പിന്നെ കയ്യിന്‍റെ ബാലന്‍സ്‌ പോയി, ശരീരത്തില്‍ പുരണ്ടിരിക്കുന്ന ചാണംമൂലം തെങ്ങില്‍ നിന്നും കുറച്ചു ദൂരം ശരീരംവെച്ചുരസി താഴോട്ടിറങ്ങി. നെഞ്ചിന്‍റെ തൊലി ചിരണ്ടിയപ്പോള്‍ പൂച്ചകടിയോന്നു പതിയെ നിലവിളിച്ചു.. പക്ഷെ വേദന സകയുടെ മുഖത്തായിരുന്നു.

പിന്നെ തെങ്ങിന് മുകളില്‍ തന്നെ ഇരുന്നുകൊണ്ട്‌ ഭടനെ നോക്കി പറഞ്ഞു
"എനിക്ക് ആണാവണ്ട, നാളെ ഒന്നിനു പോവാന്‍ പറ്റിയാ മതി. "

താഴെ നില്‍ക്കുന്നവര്‍ക്ക് ചിരി, പൂച്ചകടിക്ക് പ്രാണവേദന.

"ഡേവ്യെ, നീ ചാണത്തില് വീണു, പിന്നെ കൊറച്ചു തോലീം പോയി, പക്ഷെ തോറ്റു പിന്‍മാറണതു ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല, ഒരിത്തിരി കൂടെ കേറി കഴിഞ്ഞാ കിട്ടില്ലേ കരിക്ക്. നീ ആലോചിച്ചു നോക്ക്. "
ഭടന്‍ വിടാനുള്ള ഭാവമില്ല.

പാതി മനസ്സോടെ, നീറുന്ന നെഞ്ച്ചും ചാണം മണക്കുന്ന ശരീരവുമായി ഡേവി തെങ്ങില്‍ കേറി.
തെങ്ങിന്‍ പട്ടകള്‍ക്കുള്ളിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി പട്ടകളില്‍ ചാരി ഇരുന്നു.
ഇട്ടിരിക്കുന്ന ഷര്‍ട്ടിലേക്ക് നോക്കി. പുതിയ ഡിസൈന്‍ കണ്ട ഭാവം.പിന്നെ നെഞ്ചൊന്നു തൊട്ടുനോക്കി, വല്ലാതെ നീറുന്നു, ഇത്രക്കും വെളുപ്പുന്ടെന്നു ഇതിന് മുന്‍പ് തോന്നീട്ടില്ല.

താഴെ നിന്നു ഭടന്‍റെ ശബ്ദം കേട്ടു. " ഡേവ്യെ, നീയെന്താ ചെയ്യണേ, കരിക്കിട ഡാ മോനേ !"

"ഭടാ, കരിക്കെനിക്കറിയില്ല, നീ ഇവിടെ വന്നിട്ട് പറഞ്ഞു താ." പൂച്ചകടി പറഞ്ഞു,

"കയ്യില്‍ കിട്ടീത് പോട്ടിച്ചിടടാ ഡേവ്യെ, ഇടണെനും മുന്‍പ് പറയു, ഒന്നാര്‍പ്പ് വിളിക്കാനാ" അമ്മ പറഞ്ഞു.

“ആറാപ്പോ പ്പോയ് പ്പോയ്! ആറാപ്പോ പ്പോയ് പ്പോയ് ! “ ആനന്ദനും ഭടനും നത്തും കൂടി.

പൂച്ചകടി നാല് തേങ്ങകള്‍ ആറാപുകള്‍ക്കിടയില്‍ താഴെക്കെറിഞ്ഞു

ആറാപ്പിന്റെ ശബ്ദം കേട്ടിട്ടു തിരുമേനിയുടെ വീട്ടില്‍ കൂടുതല്‍ ലൈറ്റുകള്‍ തെളിഞ്ഞു

"ഡാ പൂച്ച കട്യെ മതി, ഇറങ്ങു, തിരുമേനി എണീട്ടുന്നാ തോന്നണേ, ഡാ നത്തെ ചൂളം വിളിക്കടാ " അമ്മ ധൃതിയില്‍ പറഞ്ഞു.

നത്തു ചൂളം വിളിച്ചു.

തെങ്ങിന്‍റെ മുകളില്‍ ഇരുന്നു താഴത്തേക്ക്‌ ആദ്യമായി പൂച്ചകടിയൊന്നു നോക്കി.
തല കറങ്ങണ പോലെ. എന്‍റെ പള്ളീ, ഇനി എങ്ങന്യാ താഴെ എത്താ.. കുറച്ചുനേരം പട്ടയില്‍ പിടിച്ചിരുന്നു. താഴെ നിന്നു പിന്നെയും ചൂളം വിളി കേട്ടപ്പോ, ഒരു വിധത്തില്‍ തടിയില്‍ കാലുറപ്പിച്ചു തെങ്ങിന്‍ പട്ടകിളില്‍ പിടിച്ചു താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.

താഴോട്ടുള്ള ഇറക്കത്തില്‍, കയ്യ് ചാണം പോലെ വഴുവഴുപ്പുള്ള എന്തോ ഒന്നില്‍ തടഞ്ഞു.
പിന്നീട് താഴതെക്കുള്ള യാത്ര എളുപ്പമായിരുന്നു.

നെഞ്ചില്‍ നിന്നും ആവി പറക്കുന്ന പോലെ, കണ്ണീരു കാരണം കണ്ണ് കാണാനില്യ .
റോക്കറ്റിന്‍റെ വേഗത്തില്‍ വന്നു താഴെ തെങ്ങിന്‍റെ ചുവട്ടിലുള്ള ചാണത്തിലേക്ക് വീണു.

ഈ ശബ്ദം കേട്ടു തിരുമേനിയുടെ വീട്ടിലെ ജനവാതിലിലൂടെ ഒരു തല പുറത്തു വന്നു.
റോഡില്‍ നില്ക്കുന്ന താപ്പയെയും നത്തിനെയും നോക്കി ചോദിച്ചു.

"ആരാ അവിടെ, എന്താ കുട്ടികളെ ഈ പാതിരാത്രീല് ?"

"തിരുമെന്യേ, വിഷു വരല്ലേ, ആറാപ്പ് വിളിച്ചു പരിശീലിക്യാ, അതിന്‍റെ എടെല് ഈ സകയോന്നു
പാലത്തുന്നുംമേന്നു വീണു അതാ ശബ്ദം കേട്ടേ..ഒന്നൂല്യാ വെള്ളം അടിച്ചാ വയറ്റില് കെടക്കെണ്ടേ, തിരുമേനി കെടന്നോളൂ, ശുഭ രാത്രി " താപ്പ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

" ശിവ ശിവ, എന്തായീ കേക്കണേ, സഹദേവാ…പാറു അറിയണ്ടാ..!"

തിരുമേനി ജനല്‍ അടച്ചതും മതിലിനു മുകളില്‍ ചാണത്തില്‍ മുങ്ങി ഒരു രൂപം പൊന്തി വന്നു. മണം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. കണ്ണും വായും മാത്രം കാണാം, ബാക്കി എല്ലാം ചാണത്തില്‍.

പൂച്ച കടി ഭടന്‍റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. "കണ്ടോടാ ഭടാ, ഞാന്‍ ആണാ.. "

പൂച്ചകടിയുടെ ചുമലില്‍ തട്ടുവാന്‍ ഉയര്‍ത്തിയ കൈ പുറകിലേക്ക് വലിച്ചു കൊണ്ടു ഭടന്‍ പറഞ്ഞു. "സകെ, കണ്ടോടാ ഇങ്ങനാ ആണുങ്ങള്. " .

കരിക്ക് തിന്നുന്നതിനടയില്‍ സകയൊന്നു മുഖമുയര്‍ത്തി നോക്കി. പിന്നെ തേങ്ങ തിന്നു തീര്‍ക്കുവാന്‍ കരാര് വാങ്ങിയപോലെ പണി തുടര്‍ന്നു.

"എനിക്ക് നെഞ്ചുള്ള പോലെ തോന്നണില്യ, അപ്പന്‍ അറിയാണ്ടിരിന്നാ മത്യാര്‍ന്നു. "
ഡേവി തുടര്‍ന്നു. " മുണ്ടും ഷര്‍ട്ടും കേടായി, അമ്മ ഇന്നു എന്നെ പോറത്താക്കും "

"നീ വെഷമികാണ്ടിരിക്കു, ഒന്നു കുളിച്ചാ എല്ലാം ശെരിയാവും. പിന്നെ പഴയ ഷര്‍ട്ടും മുണ്ടും നിന്‍റെ വീട്ടിന്‍റെ പുറത്തു അയലേണ്ടാവും.അത് എടുത്തു വീട്ടില്‍ കേറിയാ മതി." താപ്പ ഐഡിയ കൊടുത്തു. ഡേവി ശരിയെന്നു പറഞ്ഞു തലയാട്ടി.

അടുത്തുള്ള പൈപ്പിനടിയില്‍ ഇരുന്നു കുളിക്കുന്ന ഡേവി. ശരീരത്തിലെ മുറിഞ്ഞ ഇടങ്ങളില്‍ വെള്ളം വീഴുമ്പോള്‍ പുളയുന്നു. ഇപ്പോള്‍ ചാണം പോയി, ബാക്കിയായത് വേദന മാത്രം.
ഉടുത്തിരിക്കുന്ന മുണ്ടഴിച്ച് തല തോര്‍ത്തി, യാത്രപറഞ്ഞു പൂച്ചകടി തന്‍റെ വീട്ടിലേക്ക് പോയി.

സക പറഞ്ഞു. "ഡാ,ഭടാ വല്ല ആവ്ശ്യണ്ടായിരുന്നോ അവനെ തെങ്ങില്‍ കേറ്റാന്‍, പാവം വല്ലാണ്ടെ ബുദ്ധിമുട്ടി!".

"എന്നിട്ട് നീ തേങ്ങയിരുന്നു ഞണ്ണിയതോ സകേ, നിനക്കു വെച്ചതായിരുന്നു പക്ഷെ അവന്‍ അത് ചോദിച്ചു വാങ്ങി, ആണ്‍പിള്ളേരങ്ങിന്യാ സകേ, നിനക്കു മനസ്സിലാവില്യ. " ഭടന്‍ മറുപടി കൊടുത്തു.

സകക്ക് രസിച്ചില്ല, പിന്നെ ഒന്നും പറയാതെ സൈക്കിള്‍ തള്ളി.

സൈക്കിള്‍ ഉന്തുന്നതിനിടയില്‍ നത്തു ഭടനെ നോക്കി തല കൊണ്ടു എന്തോ ആംഗ്യം കാണിച്ചു. ഭടന്‍ തലകുലുക്കി കൊണ്ടു സമ്മതിക്കുകയും ചെയ്തു.

അഞ്ചുമുറി എത്തിയതോടെ എല്ലാവരും പിരിഞ്ഞു പോയി.

രാത്രി ഇനിയും ബാക്കിയാണ്.

(തുടരും)

Saturday, 16 February 2008

പൂത്തോള്‍ കഥകള്‍ - മൂന്ന്

അഞ്ചുമുറി കട്ട: രാത്രി : ആനന്ദന്‍റെ വീട് :

ടേപ്പ് റികോര്‍ഡറില്‍ നിന്നും ഒഴുകിവരുന്ന തമിഴ് പാട്ട്, "നേത് രാത്തിരി യംമ"

സോഫയില്‍ ഇരുന്നു പാട്ടാസ്വദിക്കുന്ന നത്തും താപ്പയും അമ്മയും (ആനന്ദന്‍).

"ഗട്യെ, പള്ളസൈടിനെ (സക) കാണാനില്ലല്ലാ, എട്ടരെക്കെങ്കിലും ഇറങ്ങിയാലെ പടം കാണാന്‍ പറ്റൊള്ളൂ.."

"പള്ളവരും, പാറുവേടത്തീടെ അനുഗ്രഹം വാങ്ങാന്‍ പോയതാവും, ഒരു വഴിക്കുപോകല്ലേ "

" കണ്ണാ (കിഷോറിന്‍റെ നല്ല വിളിപ്പേരു) നീ പോയി സൈക്കിളെടുത്തിട്ടുവാ, വരുമ്പോ ഭടനേം വിളിക്ക്. ഞാന്‍പോയി സകേനെ നോക്കീട്ട് വരാം ", താപ്പ സകയുടെ വീട്ടിലേക്ക് പോയി.

സകയുടെ വീടിന്‍റെ പുറത്തു നില്‍ക്കുന്ന താപ്പ.

സകയുടെ ചേട്ടന്‍ കൊച്ചുണ്ണി വീടിനു പുറത്തു വരുന്നു..

താപ്പയെ കണ്ടപ്പൊള്‍ അത്ബുദം.

"എന്തെ പ്രദ്യെ, നീയിവിടെ, സൊകല്ലേ നിനക്കു "

" സുഖം, കൊച്ചുണ്യേട്ടാ, പടത്തിനു പൂവാന്നു വെച്ചു വന്നതാ. സകെ ഒന്നു വിളിക്കോ.. "

നീളത്തിലുള്ള തന്‍റെ കൊമ്പന്‍ മീശ തടവിക്കൊണ്ട്‌ സകയെ വിളിക്കുന്ന കൊച്ചുണ്ണി.

"ഡാ സകെ, പ്രദീ വന്നക്ക്ണ്, നീയ് പടത്തിനു പൂവുണ്‌ണ്ടാന്നു ചോദിയ്ക്കാന്‍."

മീശ മിനുക്കുന്ന പണിക്കിടയില്‍ താപ്പയെ ഒളികണ്ണിട്ടു നോക്കുന്ന കൊച്ചുണ്ണി.

ചിരിയടക്കി നില്‍ക്കുന്ന താപ്പ.

" മീശ കലക്കീണ്ട് കൊച്ചുണ്യേട്ടാ " താപ്പ അഭിപ്രായം പറഞ്ഞു.

" പ്രദ്യെ, ഈ മീസ്സെമ്മ്യാ കെടക്കണേ എല്ലാം, യൂണിയന്‍ ആപ്പീസിന്നു തൊട്ടു കൊക്കാല ഗൂട്സ് സ്സെടടില്‍ വരെ എന്‍റെ മീസേ പറ്റി പറയാത്ത ആരൂല്യ.

"മോനേ ആണായാ മീസ വേണം, ഇല്ലെങ്കെ പിന്നെ അടുക്കള പണ്യാ നല്ലത് ."

കൊച്ചുണ്ണി പറയുന്നതു കേട്ടു വീടിനു പുറത്തു വരുന്ന സകയും പാറുവേടത്തിയും.

"ഓ ഒരു മീസക്കാരന്‍., പോയി വല്ല വേലി പൊളിഞ്ഞോടത്തു പോയി ഇരിക്കെടാ., വെലിക്കെങ്കിലും ഉപകാരാവട്ടെ " പാറുവേടത്തീടെ വെടിപോട്ടും പോലുള്ള ശബ്ദം കേട്ടു താപ്പ ഞെട്ടി.

കൊച്ചുണ്ണിയുടെ പടം വീടിന്‍റെ പുറക് വശത്തുള്ള ഇരുട്ടില്‍ അലിഞ്ഞില്ലാതെയായി.

"വാ താപ്പേ, പോവാം, വൈകീന്നാ തോന്നണേ. എന്‍റെ മൊടപ്പിലായി ഭഗവത്യെ.. രക്ഷിക്കണേ."

നിലത്തു പതിയെ ശ്രദ്ധിച്ചു കാല്‍ വെക്കുന്ന സക.

"സകെ, നീ മര്‍മം നോക്കി ഇങ്ങനെ ചവിട്ടി വന്നാ പടം തീരും. ഒന്നു വേഗം നടക്ക്‌."

"ഗട്യെ, കാലുംമ്മല്‍ത്തെ ആണി പഴുത്ത നെലേലാ, നടക്കാന്‍ വയ്യ. സൈക്കിളും ചവിട്ടാന്‍ വയ്യ. "

"നിന്‍റെ സൈക്കിളെടുക്ക്, ഞാന്‍ ചവിട്ടാം. " താപ്പ പറഞ്ഞു

സൈക്കിളെടുത്ത് വരുന്ന സക, വീടിന്‍റെ പുറത്തു സകയെ നോക്കി നില്‍ക്കുന്ന പാറുവേടത്തി.

"ഡാ പ്രദ്യെ, നീയിവനെ നോക്കിക്കോളോട്ടാ, ഇവന് ഇത്തിരി പേടി കൂടുതലാ. "

"ഒന്നു പോ അമ്മേ., ഞാനെന്താ കുട്ട്യാ, പേടിച്ചു നെലവിളിക്കാന്‍ "

"അത് ഞാന്‍ കണ്ടു,ഒന്നും രണ്ടും ദീസാ പനിപിടിച്ചു കെടന്നെ, എന്നെക്കൊണ്ട് നീയ്പറയിപ്പിക്കണ്ടാ.."

പാറുവേടത്തിയുടെ മനസ്സുമാറുന്നതിന് മുന്‍പ് രക്ഷപ്പെടാന്‍ ‍താപ്പ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി.

ആനന്ദന്‍റെ വീട്ടിനു മുന്‍പില്‍ സൈക്കിളില്‍ കാത്തു നില്‍ക്കുന്ന ഭടനും, നത്തും, അമ്മയും പിന്നെ പൂച്ചകടിയും.

"എന്തെ സകെ, പാറുവേടത്തി വിട്ടില്യെ പടത്തിനു." നത്തു കളിയാക്കി ചോദിച്ചു.
രസിക്കാത്ത മട്ടില്‍ നോക്കുന്ന സകദേവന്‍. പിന്നെ പൂച്ചകടിയെ നോക്കി
" എന്താ പൂച്ചകട്യെ, രാത്രി പടത്തിനൊക്കെ അപ്പന്‍ വിട്ടു തോടങ്ങ്യാ.?" .

"ഇല്യ സകദെവെട്ടാ, മതില് ചാടീട്ടാ ഞാന്‍ വന്നെ. അപ്പന്‍ നല്ല ഫിറ്റാ, അമ്മയോട് പറഞ്ഞു. അപ്പന്‍ അറിഞ്ഞാ കാല് വെട്ടും."

"പടം കഴിഞ്ഞിട്ടല്ലേ, അപ്പൊ കൊഴപ്പില്യ ! "

സൈക്കിളുകള്‍ രാഗം തിയറ്ററിനെ ലക്ഷ്യമാക്കി നീങ്ങി, താപ്പ ചവിട്ടുന്ന സൈക്കിളില്‍ സകയും, ഭടന്‍റെ സൈക്കിളില്‍ ആനന്ദനും, നത്തിന്‍റെ സൈക്കിളില്‍ പൂച്ചകടിയും ആണ് മുന്‍വശത്തിരിക്കുന്നത്.

പൂത്തോള്‍ പോസ്റ്റ് ഓഫീസും കടന്നുള്ള കയറ്റത്തില്‍ പൂച്ചകടിയും ആനന്ദനും സൈക്കിളില്‍ നിന്നും താഴെയിറങ്ങി. അമ്മ സകദേവനെയും സൈക്കിള്‍ ചവിട്ടുന്ന താപ്പയെയും മാറി മാറി നോക്കി.

"ഇതെന്താപ്പാ ഇതു!. എന്താ ഒരു സ്നേകം. പാറുവേടത്തി പറഞ്ഞതു അക്ഷരം പ്രതി അനുസരിക്ക്യാ താപ്പേ."

സകയുടെ ഭാരവും വഴിയിലുള്ള കുറുപ്പിന്‍റെ ലോറികളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും ചേര്‍ന്നപ്പോള്‍ താപ്പയുടെ മറുപടി ഒരു തുറിച്ചു നോട്ടം മാത്രമായി.

"ന്‍റെ കാലുമ്മേ ആണിയാണ്ടാ ഗട്യെ, രണ്ടെണ്ണം പറക്കേണ്ട സമയായി"

"ന്നാ പറച്ചിട്ടു കൊണ്ടുപോയി തൃശ്ശൂര്‍ അങ്ങാടീല് കൊടുക്ക്‌ ഗട്യെ, നല്ല കാശു കിട്ടും" ഭടന്‍ പരിഹസിച്ചു

പൂച്ചകടിയും ആനന്ദനും ജീവിച്ചിരിക്കുന്ന ലോറി കുറുപ്പിന്‍റെ ആത്മാവിനു വേണ്ടി പ്രാര്‍തിച്ചു കൊണ്ടു മൂക്കും പൊത്തി വേഗത്തില്‍ നടന്നു.

തൃശ്ശൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുവാന്‍ കുറുപ്പ് ടെണ്ടര്‍ പിടിച്ചിട്ടു വര്‍ഷങ്ങള്‍ ഒരുപാടായി. പരിസരവാസികള്‍ക്ക് കുറുപ്പിന്‍റെ ലോറികള്‍ ഇടുന്ന സ്ഥലം എത്തുമ്പോള്‍ ഒരു ഉള്‍പ്രേരണപോലെ കൈകള്‍ മൂക്കില്‍ വരും, വരണം. അതാണ് നിയമം.

കയറ്റം കഴിഞ്ഞപ്പോള്‍ പൂച്ചകടിയും ആനന്ദനും തിരിച്ചു സൈക്കിളില്‍ കയറി. തൃശ്ശൂര്‍ മഹാത്മാഗാന്ധി റോഡിലൂടെ നടുവിലാലും കടന്നു സൈക്കിളുകള്‍ രാഗം തിയറ്ററില്‍ എത്തി.

സെക്കന്‍റ് ഷോവിനും തിയ്യറ്ററില്‍ തിരക്കാണ്. ജോസേട്ടനെ തിരഞ്ഞു പിടിച്ചു ടിക്കറ്റും വാങ്ങി എല്ലാവരും തിയറ്ററില്‍ കയറി.

റിലീസ് ചെയ്യുവാനുള്ള സിനിമകളുടെ പരസ്യങ്ങള്‍ കാണുന്നതിനടയില്‍ സക ഭടന്‍റെ ചെവിയില്‍ ചോദിച്ചു.

“ഗട്യെ, കൊഴപ്പം ഒന്നൂണ്ടാവില്യല്ലോ, ഞാന്‍ പെട്ടിതാങ്ങി (അടിവസ്ത്രം) ഇടാന്‍ തെരക്കിന്‍റെടേല് മറന്നു"

ഭടന്‍ ഉറക്കെ ചിരിച്ചു, പിന്നെയത് കൂട്ടച്ചിരിയായി.

"ഗിരിജേലിക്ക് പൂവാഞ്ഞത് ഭാഗ്യം, മൂട്ടകള്‍ക്ക് പണിയായേനെ.” അമ്മ പറഞ്ഞു.

പടം തുടങ്ങി, ഭടനും താപ്പയും ആണ് ആസ്ഥാന വിവര്‍ത്തകര്‍.

“പോള്‍ട്ര്‍ ഗൈസ്ട്ട്”

കരോള്‍ എന്ന അഞ്ചു വയസ്സുകാരിയെ ടി വിയുടെ മുന്നിലേക്ക് പ്രേതം വിളിപ്പിക്കുന്നത്തോടെ സകദേവന്‍റെ ചങ്കിടിപ്പു കൂടുന്നത് ഭടനും അമ്മയും അറിഞ്ഞു.

ടി വിയില്‍ നിന്നു വരുന്ന പച്ച വെളിച്ചം കുട്ടിയെ തട്ടുന്നതോടെ നടുക്കുന്ന ശബ്ദത്തോടെ വീട് കുലുങ്ങുന്നു.. കണ്ണടച്ചിരിക്കുന്ന സക, സീറ്റില്‍ നിന്നും താഴെ എത്തിയ പൂച്ചകടി.

"ഡേവ്യെ, ചൂണ്ടയിടാന്‍ ഇരിക്ക്യാ, കേറി മേലെ ഇരിക്കാടാ ഗട്യെ, ഇതു അപ്പന്‍ടത്ര പ്രശ്നള്ളതല്ല. " താപ്പ പൂച്ചകടിക്ക് ധൈര്യം കൊടുത്തു.

"സകെ, മുള്ളാന്‍ വരട്ടെ ട്ടാ ഇനീം ബാക്കീണ്ട് കാണാന്‍" അമ്മ പറഞ്ഞു.

പ്രശ്നങ്ങള്‍ വഷളായി കൊണ്ടിരിക്കുന്നു സ്ക്രീനില്‍, കരോളിനെ ക്ലോസറ്റിലൂടെ പ്രേതം കൊണ്ടു പോകുന്നത്തോടെ, സക വിറച്ചു തുടങ്ങി.

"ഡാ ഗട്യെ, മുള്ളീട്ടു വരാം, " എന്ന് പറഞ്ഞതും ഒരു കാറ്റു പോലെ സക മറഞ്ഞതും ഒന്നിച്ചായിരുന്നു..


"ഇപ്പൊ, പള്ള സൈടിന്‍റെ കാലുമ്മലുത്തെ ആണിക്ക് ഒരു വേദനേം ഇല്ല" സക പോകുന്നത് നോക്കി ഭടന്‍ പറഞ്ഞു.

ഇന്റര്‍വെല്‍ ആയിട്ടും സക തിരിച്ചു വന്നില്ല.
താപ്പ പോയി നോക്കി തിരിച്ചു വന്നു.. "ഗട്യെ ആള് മുങ്ങീന്നാ തോന്നണേ. "

"എന്തായാലും വീട്ടിലിക്ക് ഒറ്റക്ക് പോവില്ല, അവടെ സൊഹറയില്ലേ..,
പിന്നെ കാലുമ്മേ മര്‍മ്മോം. തിയറ്ററിന്‍റെ പൊറത്ത് ഇരിക്കിണ്ടാവും " നത്തു പറഞ്ഞു.

പടം ഇന്റര്‍വെല്‍ കഴിഞ്ഞു വീണ്ടും തുടങ്ങി. പൂച്ചകടിയിരിന്നു വിറക്കുകയാണ്
തിയറ്ററിന്‍റെ സാങ്കേതിക മേന്മ ഭയം ഇരട്ടിപ്പിച്ചതല്ലാതെ മനസ്സമാധാനം കൊടുത്തില്ല.

പടം എന്താണ് തീരാത്തതെന്നു ആലോചിച്ചിട്ട് പൂച്ച കടിക്ക് ഒരെത്തും പിടുത്തവും കിട്ടുന്നില്ല.
ഇടയ്ക്ക് ഭടനെയും നത്തിനെയും നോക്കി അവരു കൂടെയുണ്ടല്ലോ എന്നാലോചിച്ചു സമാധാനിച്ചു.

സകയെ പടം കഴിയുന്ന വരെ കണ്ടില്ല. പുറത്തിറങ്ങുമ്പോള്‍ ജോസേട്ടന്‍റെ കൂടെ തമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു സക. താപ്പയെ കണ്ടതോടെ ജോസേട്ടന്‍ ചോദിച്ചൂ.

"പ്രദീപാ, ഈ ഗടിക്ക് എന്തിനാ നീ ടിക്കറ്റ് എടുത്തെ, ഇവിടത്തെ കക്കൂസിലിരുന്നു ഉറങ്ങാന്‍ ടിക്കറ്റ് വേണ്ട, ഞാന്‍ ഇവനെ ഉള്ളിലിട്ടു പൂട്ടെണ്ടാതാ, ഭാഗ്യത്തിന് വാതിലുംമേ കൊട്ടിയപ്പോ ഇവന്‍ എണീറ്റു.അല്ലെങ്കെ, മോണിംഗ് ഷോ കഴിഞ്ഞെറെങ്ങാര്‍ന്നു “

എല്ലാവരും ചിരിച്ചുകൊണ്ടു സൈക്കിള്‍ സ്ടാണ്ടിനടുത്തേക്ക് നടന്നു.
ബാക്കിയുള്ള രാത്രി എങ്ങനെ കഴിച്ചുതീര്‍ക്കും എന്നാലോചിക്കുന്ന സക.

(തുടരും)

Saturday, 9 February 2008

പൂത്തോള്‍ കഥകള്‍ - രണ്ടു

രംഗം രണ്ടു

രാത്രി.. അഞ്ചു മുറി കട്ട

രാത്രി ഭക്ഷണം കഴിഞ്ഞു കൂട്ടരെ കണ്ടു ലോക കാര്യങ്ങള്‍ ചര്ച്ച ചെയ്യുവാന്‍ സഹദേവ നിറങ്ങി..അഞ്ചുമുറി കട്ട രാത്രിയിലും സജീവം.. പഞ്ചാര മുക്കില്‍ പല പ്രമാണികളും സ്ഥാന മുറപ്പിചിരിക്കുന്നു.... ചര്‍ച്ചയും റമ്മിയും കൈകോര്‍ത്തു പോകുന്ന ഒരു കലാവിരുന്ന്..

ചില പുതു മുഖങ്ങളെ പരിചയപ്പെടുക

അമ്മ : ഈ അമ്മ ആണാണ് , പേരു ആനന്ദന്‍, മുപ്പത്തി അഞ്ചിനോടടുത്തു പ്രായം, അഞ്ചു മുറിയിലെ കലാ പരിപാടികളുടെ കണ്‍വീനര്‍, പിന്നെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി അമ്മയെ പോലെ നോക്കി നടത്തുന്നതു കൊണ്ടു സുഹൃത്തുക്കള്‍ക്ക് വേറെ പേരന്വേഷിക്കേണ്ടി വന്നില്ല. ഓട്ടോ റിക്ഷകള്‍ക്ക് സീറ്റ് തയ്യാറാക്കലാണ് പണി. സിനിമയും പഴയ ഗാനങ്ങളും വല്ലാതെ സ്നേഹം വന്നാല്‍ പറയുന്ന എം ജി ആര്‍ തമിഴും ആണ് പ്രത്യേക താല്പര്യങ്ങള്‍.

ഭടന്‍ : മുപ്പതിനോടടുത്തു പ്രായം, പേരു മുരളി, അങ്ങിനെ വിളിക്കുന്നത് വീട്ടുകാര്‍ മാത്രം. പ്രത്യേകിച്ച് പണിയൊന്നും ഇല്ല.. അച്ഛനെ സഹായിക്കുവാന്‍ ഓട്ടു കമ്പനിയില്‍ പോകും ചിലപ്പോള്‍. അല്ലെങ്കില്‍ പുസ്തകത്തിനു പുറകില്‍ ഉണ്ടാകും, വിനോദങ്ങള്‍ ചീട്ടുകളി, സിനിമ, ഒരു രസത്തിനു വെള്ളമടി

നത്ത് : പേരു കിഷോര്‍, ഇരുപത്തി അഞ്ചു വയസ്സെന്കിലും പ്രായം കാണും, ബാര്‍ബര്‍ ആണ്.. അഞ്ചു മുറിയിലെ സുന്ദരന്‍ മാരില്‍ ഒരാള്‍.. സ്വന്തം കടയും സിനിമാ ഗാനങ്ങളും നിറഞ്ഞ ജീവിതം. നത്തിനെ പോലെ ശബ്ദം ഉണ്ടാക്കി ചിരിക്കുന്നതിനാല്‍ അഞ്ചു മുറി വാസികള്‍ സ്നേഹത്തോടെ നല്കിയ പേരു..

താപ്പ : പേരു പ്രദീപ്‌, മുപ്പത്തിആറെങ്കിലും വയസ്സ് തോന്നും. പ്രത്യേകിച്ച് പണിയൊന്നും ഇല്ല, ഹോബികള്‍ വായ് നോട്ടം, ഫുട്ബോള്‍, ചീട്ടു കളി, വെള്ള മടി, സിനിമ.. പണം കൊടുക്കുവാന്‍ മാമന്‍മാരും അമ്മയും ഉള്ളപ്പോള്‍ പിന്നെയെന്തിനു ജോലി.

അഞ്ചു മുറി കട്ടയിലെ തെരുവ് വിളക്കിന്‍റെ കീഴിലാണ് ചീട്ടു കളി നടക്കുന്നത്
ഭടനും അമ്മയും നത്തും താപ്പയും കളിക്കുന്നു.. സഹദേവന്‍ അടുത്തെത്തി..

" എന്താ ഭടാ.., പോക്കാ വരവാ ഇന്നു.."
" ഇന്നു രാശി ശരിയല്ല...ഈ നത്തു ചീട്ടു ഇട്ടു തരണ്ടേ. അതിന്‍റെ മേലെ കേറിരിന്നു മൊട്ടയിടാ .."
നത്തിന്‍റെ ശബ്ദത്തോടെ ചിരിക്കുന്ന കിഷോര്‍.
" ഇരിക്ക് സകെ, എന്താ നിനക്കു പോയീട്ട് കല്യാണം കഴിക്കാനുണ്ടാ " ആനന്ദന്‍ പറഞ്ഞു.
" ഏയ് ഇല്യ, ഞാന്‍ കേറി ആരാ ലീസ്റ്റ്, ഡാ താപ്പേ...മ്വാനെ പള്ളസൈടീക്കോടെ ചീട്ടു താ ട്ടാ.."

കളി തുടങ്ങുന്ന സഹദേവന്‍..

"ഇന്നു ഞാന്‍ കൊമാളെച്ചിയെ കണ്ടു.. പിന്നേം ജെട്ടി പോയീത്രെ, കക്കാന്‍ ഇത്രക്കധികം എവിടെന്നാ എന്ന് ചോദിച്ചപ്പോ കോമളെച്ചി ഉത്തരം പരയാണ്ടേ മുഖം കനപ്പിച്ചു പോയി. എന്നാലും ആ കള്ളന്‍റെ ഒരു കാര്യേ..അവന് വേറെ ഒന്നും കിട്ടീല്യെ *@#~ "

" ഡാ സകെ, നിന്‍റെ കട്ടു പോയ്വാ, ഇനി പോയാല്‍ തന്നെ ഞാന്‍ റെക്സിന്‍ വെച്ചു ഓട്ടോ റിക്ഷ്ക്ക് വെക്കണ പോലെ ഒരെണ്ണം ഇണ്ടാക്കാം മത്യാ ? "

“ കോമളേച്ചിക്ക് പോയാ ബാലേട്ടന്‍ ഇണ്ട്, നീ വേഷമിക്കണ്ടാ ട്ടാ.. , നീ ചീട്ടിട് " ആനന്ദന്‍ പറഞ്ഞു തീര്‍ത്തു..

“ എന്‍റെ പോയീട്ടില്യ..”.

"സകേ, പുത്യേ പടം വന്നിട്ടിണ്ട് രാഗത്തില്
ഇംഗ്ലീഷാ, പേടിപ്പിക്കണതാണെന്ന് മൂത്താന്‍ പറയണ കേട്ടു..
നീ വരുണ്ണ്ടാ നാളെ സേക്കണ്ടിനു പൂവാം " ഭടന്‍ പറഞ്ഞു..

" പോള്‍ടര്‍ഗൈസ്ട്ട് ന്നാ പേരു.. " നത്തു പറഞ്ഞു
" ശെരി, ന്നാ നാളെ പൂവാം. " സക പറഞ്ഞു

“ ജോസേട്ടനോട് പറഞ്ഞാ ടിക്കെറ്റടുക്കാം“ താപ്പയും കൂടി..

"പ്രേതത്തിന്‍റെ കഥ്യാ സകെ.. നിന്‍റെ ഫേട്ടറീല്‍ത്തെ പ്രേതത്തിനെ കണ്ട ക്ഷീണം മാറിയാ ?" ഭടന്‍ ചോദിച്ചു..

"ഭടാ, എന്നെ ഓര്‍മ്മിപ്പിക്കല്ലേ നീയ്, ഇപ്പോഴും ആ വിറ മാറീട്ടില്യ". സക പറഞ്ഞു തുടങ്ങി..

" രണ്ടീസം ഒന്നും രണ്ടും പൂവാണ്ടേ കെടപ്പിലായിരുന്നു.. ഈ പ്രേതത്തിനു ഇതൊക്കെ അറിയണാ. എനിക്ക് പിറ്റേ ദേവസം പെണ്ണ് കാണാനായ് പോകണ്ടാതാര്‍ന്നു, ഒന്നും നടന്നില്ല.. അവസാനം അമ്മേം സഖാവ് രാമനും (അച്ഛന്‍) പോയി കണ്ടു.. അവര്ക്കു പിടിചില്യ"

" ആരേ പ്രേതത്തിന്യാ ? " നത്തു ഇടയില്‍ കയറി..

" അപ്പൊ പെണ്ണ് പ്രേതായിരുന്നോ..? " ഭടന്‍ ചോദിച്ചു..

" ഡാ ഗട്യെ, ഞാന്‍ പ്രേതത്തിനെ അല്ലേടാ പറഞ്ഞേ, പാപ്പന്‍റെ പരിചയത്തില്‍ വന്ന പെണ്ണാ. കാണാന്‍ ചരക്കായിരുന്നു..പാറുവേടത്തി ചതിച്ചു , പെണ്ണിന്‍റെ ഭംഗി കാരണം എനിക്ക് ചേരില്ലാന്നു പറഞ്ഞു.. ഇങ്ങിനെ ഇണ്ടാവോ തള്ളമാര്.. "

"സകേ, നിന്‍റെ സൌന്ദര്യത്തിനു ഒരു വെല്ലുവിളിയായി നീയിതെടുക്കണം, നല്ല മണി മണി പോലെള്ള പ്രേതങ്ങളില്ലേ അല്ല പെണ്ണുങ്ങളില്ലേ ഈ തട്ടകത്തില്‍, ഉദാഹരണത്തിന് കോമളാണ്ടി യുടെ പെണ്ണില്യേടാ എന്താ പേരു, ങാ ഇന്ദൂ, അവളെ നോക്കെടാ.. പഠിപ്പും ഉണ്ട്, പിന്നെ കാശും , നല്ലൊരു അമ്മായി അമ്മേം.. ദുബായില്‍ത്തെ ഷേക്ക്‌ അമ്മാനച്ചനും നിനക്കു കോളാ.., പിന്നെ നിന്‍റെ അച്ഛന്‍റെ സ്കൂള്‍ തുടങ്ങാനുള്ള പിള്ളാരെ ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയേക്കരുത് ആദ്യമേ പറഞ്ഞേക്കാം, എല്ലാത്തിനും ഒരു കണക്കുണ്ട്.. നീയ് ചീട്ടിടു..", അമ്മ പറഞ്ഞു.

"ഡാ മോനേ, എനിക്ക് അത്രയ്ക്കൊന്നും പൂതി ഇല്ല, സുന്ദരിയും ആര് കണ്ടാലും ഒന്നു നോക്കിപോണ മാതിരി ഒരിത്തിരി ഭംഗ്യീം മതി.. പിന്നെ ഇവിടെ തന്നെ അല്ലെ ജീവിക്കണേ നിങ്ങളൊക്കെ അതിനെ നോക്കി നോക്കി എക്സ്റേം സ്കാനും ചെയ്തു ഒന്നും ബാക്കി കാണില്യാ.. ഇന്ദൂനെ ചോദിച്ചാ കോമളേച്ചി കൂടെ പോരും, മോനേ എനിക്ക് ഒന്നേ താങ്ങാന്‍ വയ്യാ.. "

“പിന്നെ രാമന്‍ സഖാവിന്‍റെ ലീലാവിലാസങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ ശെരിയാവില്യ, തന്തെ കുറ്റം പറയാന്‍ പാടില്യാന്നാ സഖാവ് ലെനിന്‍ പറഞ്ഞെര്‍ക്കണേ.. ഒരു പാര്‍ട്ടി തോടങ്ങാനുള്ള ആളുകള്‍ ഇണ്ട് ഇപ്പൊ വീട്ടില്, പാറുവേടത്തി ഒന്നു തോന്നുമ്പോ നേഴ്സ് റൂമില്‍ പോയി പെറ്റിട്ടു പെറ്റിട്ടു പിള്ളേര് പത്തായി .. അതൊക്കെ പോട്ടെ നീ പ്രേതത്തിന്‍റെ കഥ പറയ്‌.. “

“ സകേ, ഈ പടം പുതിയ വീട്ടിലേക്ക് താമസം ഒരു ചെറിയ കുടുമ്പത്തിന്‍റെ കഥയാ.. പ്രേതങ്ങള്‍ വന്നിട്ട് ആദ്യമൊക്കെ തമാശ കാണിപ്പിച്ചു രസിപ്പിക്കും, പിന്നെ പിന്നെ പ്രശ്നങ്ങള്‍ തുടങ്ങും, അവരുടെ ചെറിയ കുട്ടിയെ വരെ തട്ടിക്കൊണ്ടു പോകും.. ഇങ്ങിനത്തെ പ്രേതങ്ങള്‍ ജെര്‍മനിയില്‍ ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്..
അതിന് ഇരുപതിലും താഴെയുള്ള പെണ്‍കുട്ടികളെയാണ് സാധാരണ ഒരു മാധ്യമമായി ഉപയോഗിക്കുന്നത്.. ഇതു വരുമ്പോള്‍ ഭയങ്കര ഒച്ചയും ബഹളവും ആണെന്നാണ്‌ കേട്ടത്..”

" ഒച്ചയും ബഹളവും എന്ന് പറഞ്ഞാലെങ്ങിന്യാ.". സകക്ക് സംശയം

" ഞാന്‍ വരുനുണ്ട് എന്ന് പറഞ്ഞിട്ടു പ്രേതം വരോ സകേ," അമ്മ തമാശയില്‍ ചോദിച്ചു.

"ചെറിയ മുട്ടുകളും തട്ടുകളും ഒക്കെ ആയി തൊടങ്ങും പിന്നെ കിടക്കുന്ന കട്ടിലും അലമാരിയും എല്ലാം പിടിച്ചു കുലുക്കും ചെലപ്പോ തീയും കൊളുത്തും വെള്ളം തളിക്കേം ഒഴിക്കേം പിന്നെ കല്ലെടുത്തു എറിയേം ചെയ്യണ നല്ല തലക്ക് പിടിക്കണ പ്രേതം.." ഭടന്‍ പറഞ്ഞു നിര്‍ത്തി..

“ഇതും നമ്മുടെ പോസ്റ്റ്മറെടെ (ഹംസ) പെങ്ങളുടെ പ്രേതവും തമ്മില്‍ നല്ല ചേര്‍ച്ചയാണല്ലോ”..താപ്പ പറഞ്ഞു .

സകദേവന്‍ ചീട്ടു താഴെവെച്ചു വായും തുറന്നങ്ങിനെ ഇരിക്കയാണ്...

"ഡാ ഭടാ, വല്ല ആവശ്യണ്ടായിരുന്നാ ഇവന് പ്രേതകഥ പറഞ്ഞു കൊടുക്കാന്‍, പാറു വേടത്തി ഓങ്ങിവെച്ചതാ കഴിഞ്ഞ തവണ താപ്പക്ക്, ഇതു നിനക്കു തടയാനുള്ള സകല ലക്ഷണവും ഉണ്ട്"

ഡാ സകേ, നിനക്കു ആണുങ്ങളുടെ പോലെ ധൈര്യം വേണം, ചുമ്മാ ആണാന്നു പറഞ്ഞു ഡാഷ് കൊളുത്തിയിട്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല.., നത്തെ നീ പോയിന്‍റ് എഴുതു .. അമ്മ പറഞ്ഞു..

" ഇതാപ്പോ നന്നായെ, സക ചോദിച്ചു ഞാന്‍ പറഞ്ഞു.. അതിന് പാറുവേടത്തിക്ക് എന്ത് പോയി..ഇവനാര് ചെറിയ കുട്ട്യാ, വയസ്സ് ഇമ്മിണി ആയീട്ടും പേടിമാറീല്യാന്നു പറഞ്ഞാല്‍ മോശം, പെണ്ണു കിട്ടില്ലാ.. പറഞ്ഞില്ലാ എന്ന് വേണ്ട സകേ.. " .

"ഡാ, ഗട്യെ എനിക്ക് ധൈര്യം ഇല്യാന്നാ വിചാരിച്ചേ. അന്ന് ഒട്ടു കമ്പനീല്‍ കണ്ട പ്രേതം ചുണ്ണാമ്പു ചോദിച്ചതാ..ഞാന്‍ ബീഡി തരാന്ന് പറഞ്ഞു, പിന്നെ ബീഡി കൊടുക്കാനായി നടന്നു പ്രേതത്തിന്‍റെ അടുത്ത് ചെന്നത്‌ മാത്രമെ ഓര്‍മയുള്ളൂ.. പ്രേതത്തിന്‍റെ കയ്യിനു ഭയങ്കര തണുപ്പായിരുന്നു.. ഐസും പെട്ടീന്നു ഇറങ്ങി വന്ന പോലെ.. മൊഖം ഏകദേശം നമ്മടെ സുഹറെയെ പോലെ ഉണ്ടായിരുന്നു.. സുഹറക്ക് എന്നെ ഇഷ്ടായിരുന്നു, എനിക്കും അവളെ വല്യ കാര്യായിരുന്നു, അവളോട് പറഞ്ഞില്ലാന്നു മാത്രം. അതിന്‍റെ ഇടക്ക് തൂങ്ങിചാവുമെന്നു ആരെങ്കിലും വിചാരിച്ചോ.."

" ഹംസ കേക്കണ്ട, നിന്‍റെ വാള്‍വും ട്യുബും മാറ്റി റികണ്ടീഷന്‍ ആക്കി റോഡില്‍ ഇറക്കും "

“സകേ ശെരിക്കു പറഞ്ഞു താ.. എന്താണ്ടായെ ഫേട്ടറീല് ?” നത്തിനു ആകാംക്ഷ

“ഓട്ടു കമ്പനീല്‍ക്ക് അന്ന് ലെയ്ത്തിന്‍റെ പണിക്കു വിളിച്ചിട്ട് പോയീതാന്‍റെ മോനേ.. പണി തീരാണ്ട് വന്നപ്പോ, രാത്രി തന്നെ ചെയ്യാന്‍ നമ്മടെ ഓണര്‍ വിഭാഗം പറഞ്ഞു.. പിന്നെ എതിര് പറയാണ്ടെ ഞാനും ജോസപ്പും പണി തൊടങ്ങി, വെശ്ന്നപ്പോ ഊണു കഴിക്കാന്‍ സായിവിന്‍റെ ചായ കടേലിക്ക് എറങീതാ, ഞാന്‍ തീപെട്ടീം ബീടീം ടൂള്‍ ബോക്സ്മ്മേ മറന്നു വെച്ച കാരണം, ഇടുക്കാന്‍ ഒറ്റക്ക് തിരിച്ചു പോയതാ ഗട്യെ,
ലെയ്തിന്‍റെ പള്ളസൈഡില്‍ ദേ ഇരിക്കുണൂ വെളുത്ത സാരിട്ത്ത ഇസ്ത്രീ.. എനിക്ക് മുട്ടു വേറച്ചിട്ടുനിക്കണില്യ, എന്നെ നോക്കാണ്ടേ അത് പൊറം തിരിഞ്ഞിരിക്കാര്‍ന്നു..”


“ തിരിച്ചു ഓടാംന്ന് കരുതി തിരിഞ്ഞപ്പോ ദേ നിക്കണൂ എന്‍റെ മുന്‍പില്‍..
ചിലമ്പണ സ്വരത്തില്‍ എന്നോട് ചോദിച്ചൂ.. ചുണ്ണാമ്പു തര്വോന്ന് ..”

“ എന്‍റെ മോനേ.. ഇതു കേട്ടതോടെ എന്‍റെ കിളി പോയീ.. ന്‍റെ മുണ്ട് കുത്തിയത് അഴിഞ്ഞു പോയത് ഞാന്‍ അറിഞ്ഞില്ലാ.. പിന്നെ ബാക്കീണ്ടാര്‍ന്ന ധൈര്യം വച്ചു ചോദിച്ചു, ബീഡി മത്യാ പ്രേതചേച്ച്യേ.. നമ്മുക്ക് ഷെയര്‍ ആയി വലിക്കാന്നു പറഞ്ഞു..എന്‍റെ കയ്യില്‍ പിടിച്ചു പ്രേത ചേച്ചി..മൊകം കണ്ടത്‌ അപ്പളാണ്, സോഹറെടെ മൊകം പോലെ തോന്നി.. കണ്ണില്‍ കൃഷ്ണമണി കണ്ടില്ല, പിന്നെ ഭയങ്കര തണുപ്പാര്‍ന്നൂ എന്നെ തൊട്ടപ്പോ.. കയ്യീക്കോടെ തണുപ്പങ്ങിനെ തലയിലേക്ക്‌ കേറി, കണ്ണടഞ്ഞു പോയീ..”

“എണീറ്റപ്പോ ജോസപ്പ് എന്നെ പിടിച്ചു ഫേട്ടറീടെ പൊറത്ത്ള്ള മരത്തുംമേ ചാരി ഇരിത്തീക്കാര്‍ന്നു.. ചായകടെല്‍ത്തെ സായിവ് കുറച്ചു വെള്ളം തന്നത്‌ കുടിച്ചതോര്‍മ്മെണ്ട്.. പിന്നേം ബോധം പോയി.”

“എന്‍റെ മോനേ പിന്നെ ഒരാഴ്ച നിക്കകള്ളിണ്ടാര്‍ന്നില്ല.. പിന്നെ പാണന്‍ ശങ്കരേട്ടന്‍റെ വീട്ടിലാര്‍ന്നു കെടപ്പ്‌, രെക്ഷ കെട്ടി രെക്ഷ കെട്ടി എന്‍റെ മേലാകെ പമ്പരത്തിന് ചാട്ട ചുറ്റിയ മാതിരിയാര്‍ന്നു..”

“ പിന്നെ മൂത്താന്‍ (ആനന്ദന്‍റെ ചേട്ടന്‍) വന്നു ബോസാന്‍ (കഞ്ചാവ്‌) തന്നപ്ലാ ധൈര്യം കിട്ടീത്.. ഇന്നും അത് വേണ്ടി വരൂന്നാ തോന്നണേ എന്‍റെ മൊടപിലായി ഭഗവത്യെ "

"മൂത്താന്‍ ഇണ്ടാ വീട്ടില്.". സക അമ്മയോട് ചോദിച്ചു

" അവടെ കെടക്കിണ്ടാവും, പോയി നോക്ക്.". അമ്മ പറഞ്ഞു

" ഞാനിപ്പോ വരാം " എന്ന് പറഞ്ഞിട്ടു സക അമ്മയുടെ വീട്ടിലേക്ക് പോയി

"ഭടാ നമ്മുക്ക് സകേനെ ഒന്നു പറ്റിച്ചാലോ.. സോഹറയെ കണ്ട സ്ഥിതിക്ക് ആ പേരു വെച്ചു നമുക്കു പേടിപ്പിക്കാം, നാളെ ആവട്ടെ.." നത്തു പറഞ്ഞു..

"പാറുവേടത്തീടെ തെറി നിനക്കറിയാണ്ടാ മോനേ, അത് കുളിച്ചാലൊന്നും പൂവില്ല, കഷ്മിത്തെടെ സായിവിനു കൊടത്തത് നിനക്കൊര്‍മീല്യെ ഭടാ.. വെറുതെ വേണ്ടാ.." അമ്മ എതിര്‍ത്തു..

" ഈ അമ്മേടെ ഒരു പേടി, ഡാ നമുക്കു ഒളിഞ്ഞിട്ടു ചെയ്താ മതി..നാളെ സെക്കന്‍റ് ഷോ കണ്ടു കഴിഞ്ഞു വന്നു സക ഒറങ്ങുംമ്പോ നമക്ക് പണി തൊടങ്ങാം..തയ്യാറുണ്ടാ ?, ഉണ്ടെന്കില്‍ ആണുങ്ങളുടെ പോലെ പറയ് ഭടാ " നത്തു വാശി പിടിച്ചു

"പോള്‍ടര്‍ഗൈസ്ട്ട് " ഭടന്‍ പറഞ്ഞു ...

താപ്പയും നത്തും ചിരിച്ചു.. എങ്ങിനെ ഇവരെ തടയണം എന്നറിയാതെ അമ്മ വിഷമിച്ചു നിന്നു.. രാത്രി തീരുന്നതിനു മുന്‍പ് കളി നിര്‍ത്തി എല്ലാവരും പിരിഞ്ഞു പോയി.

തുടരും

Saturday, 2 February 2008

പൂത്തോള്‍ കഥകള്‍ - ഒന്ന്

ഇതില്‍ പരിചയപെടുത്തുവാന്‍ ഒരുപാടു കഥാപാത്രങ്ങള്‍ ഉണ്ട്, ചുരുക്കം ചിലരെ അറിയേണ്ടത് അത്യാവശ്യമെന്ന് തോന്നി..


സഹദേവന്‍ : പാറുവേടത്തിയുടെ മക്കളില്‍ മൂന്നാമത്തെയാള്‍, മുപ്പത്തി അഞ്ചു വയസ്സെങ്കിലും തോന്നിക്കും, നാലടി പൊക്കം, നാലാം ക്ലാസ് വരെ പഠിച്ചു, പിന്നെ സേവ്യര്‍ ഫേട്ടറിയില്‍ (ഫാക്ടറി) ജോലി, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണുകളോടെ നോക്കി കാണുകയും, തന്‍റെ രക്തത്തേക്കാള്‍ രാഷ്ട്രീയ കൊടിക്ക്‌ നിറമെന്നും വാദിക്കുന്ന ഒരു പാവപ്പെട്ടവന്‍, ജനിച്ചപ്പോഴേ അക്ഷരമാലയിലെ "ഹ" യെന്ന അക്ഷരം വെടിവെച്ചു കളഞ്ഞതുകൊണ്ട് സ്വന്തം പേരു സകദേവന്‍ എന്ന് തിരുത്തിയിരിക്കുന്നു. പൂത്തോളിലെ ജനങ്ങളെ തന്‍റെ അബദ്ദങ്ങളെ കൊണ്ടു ചിരിപ്പിക്കുന്ന ഒരു സഹൃദയന്‍


മത്തായി ചേട്ടന്‍ : നാല്‍പ്പതിനു മുകളില്‍ പ്രായം, തടിച്ചിട്ടാണ്, വാസം തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലുള്ള മാനസിക ആശുപത്രിയില്‍, ഭ്രാന്തെന്നു പറഞ്ഞു ബന്ധുക്കള്‍ ആശുപത്രിയിലാക്കി പോയതില്‍ പിന്നെ പുള്ളികാരന്‍ തിരിച്ചു വീടു കണ്ടിട്ടില്ല. ആശുപത്രിയിലെ ജോലിയും പോരാതെ വന്നാല്‍ ആശുപത്രി ജീവനക്കാരുടെ വീട്ടിലെ ജോലിയും ചെയ്തു കൊടുക്കുന്ന പാവത്താന്‍, സമയം നോക്കുന്നതും പറയുന്നതും ഒരു ബലഹീനതയാണ്. കാജാ ബീഡി ഈ ലിസ്റ്റില്‍ ഒന്നാമത്തേത്.


കോമളാന്‍ടി : മുപ്പത്തി എട്ടു വയസ്സെങ്കിലും പ്രായം തോന്നും, വിവാഹിത, ഭര്‍ത്താവ് ബാലേട്ടന്‍ ദൂബായില്‍ മസ്ദ കമ്പനിയില്‍ സര്‍വീസ്‌ നടത്തുന്നു, ഭ്രാന്താശുപത്രിയിലെ ഔട്ട് പേഷ്യന്‍റ്റ് വിഭാഗത്തില്‍ നഴ്സിംഗ് അസ്സിസ്ടന്‍റ്റ് ആണ്, മക്കള്‍മൂന്ന് , വാക്കുകളില്‍ ബാലേട്ടന്‍ ദൂബായില്‍ ഷെക്കിന്‍റെ ഒക്കത്തിരിക്കുന്ന ഭാവം.
ബാലേട്ടന്‍ നാട്ടില്‍ വരുന്നതു ദേശത്തെ അയ്യപ്പന്‍ വിളക്കുപോലെ പരിസര വാസികള്‍ക്ക് നേരത്തെ അറിയാം


രംഗം : ഒന്ന്
സന്ധ്യയാകാറാകുന്നു, പൂത്തോള്‍ ശിവക്ഷേത്രത്തിനു മുന്നിലുള്ള പാലതിണ്ണയില്‍ ഇരുന്നു ആത്മാവിനു പുക കൊടുത്തു കൊണ്ടിരിക്കുന്ന സഹദേവന്‍. അമ്പലത്തില്‍ നിന്നും ഭക്തി ഗാനം ഒഴുകി വരുന്നതും കേട്ടു, വഴിയിലൂടെ പോകുന്ന പെങ്കിടാങ്ങളെയും നോക്കി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കയാണ്. വഴിയിലൂടെ മത്തായി ചേട്ടന്‍ തലയിലും കയ്യിലും വലിയ പുല്ലുകെട്ടുകളും ആയി നടന്നു വരുന്നു..


സഹദേവനെ കണ്ടതോടെ കയ്യിലെ പുല്ലുകെട്ടു താഴെ ഇട്ടു അടുത്ത് ചെന്നു ഭവ്യതയോടെ നില്‍ക്കുന്നു.


"സാറേ ഒരു ബീഡി തര്വോ, വലിച്ചിട്ടു ഒരു പാടു കാലമായി അതോണ്ടാ.., തൊണ്ടക്കു തീരെ സുഖം പോര ഒരെണ്ണം താ സാറേ”


സഹദേവന്‍ മത്തായിയുടെ മുഖ ഭാവവും തലയിലിരിക്കുന്ന പുല്ലുകെട്ടും കണ്ടു ചിരിച്ചു


" സാറേ തമാശ പറഞ്ഞതല്ല.. മത്തായിക്ക്‌ ബീഡി താ സാറേ.. പുല്ല് വലിച്ചു പുല്ല് വലിച്ചു കൈ മുറിഞ്ഞതല്ലാതെ ഒരു ഗുണോം ഇല്ല, ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി, കോമളം സാറ് പിന്നാലെ വരൂണ്ണ്ട്‌, ആ സാറ് വരുന്നേനും മുന്‍പോന്നു താ സാറേ. ഈ പുല്ല് കെട്ട് സാറിന്‍റെ വീട്ടിലെത്തിക്കാനുള്ളതാ."


സഹദേവന്‍ പോക്കറ്റില്‍ നിന്നും ബീഡിയുടെ കേട്ടെടുത്തു മത്തായിക്ക്‌ നല്‍കി “ആവശ്യമുള്ളത് എടുത്തിട്ടു ബാക്കി താ”


മത്തായിക്ക്‌ ലോട്ടറിയടിച്ച ഭാവം..തീപ്പെട്ടി സഹദേവന്‍റെ കയ്യില്‍ നിന്നും വാങ്ങി ബീഡി കെട്ട് മുഴുവനായും വായില്‍ വെച്ചു തീ കൊളുത്തി.


" ഡാ ഗട്യെ, നീയാള് ശെരിയല്ലാട്ടാ, ഇതു പുല്ലല്ല, ബീട്യാണ്, നീയോരെണ്ണം കത്തിക്യക്കെടാ, എനിക്ക് വലിക്കാന്‍ കടം വാങ്ങണംന്നാ തോന്നണേ.. കൊശവന്‍ "


മത്തായിക്ക്‌ ഇതൊന്നും ചെവിയില്‍ വീണ ഭാവമില്ല ..ബീഡിയുടെ പുക ഓട് നിര്‍മ്മിക്കുന്നയിടത്തിലെ പുക കുഴലിലൂടെ വരുന്ന പോലെ വിട്ടു കൊണ്ടു സ്വയം ചിരിക്കുകയാണ്


"എന്തൊരു സുഖം സാറേ.. ബീഡി തന്നതിന് സാറിനെ അന്തോണീസു പുണ്യാളന്‍ അനുഗ്രഹിക്കട്ടെ.." “അവന്‍റെ ഒരു അനുഗ്രഹം.. ഡാ നിനക്കു പണിചെയ്താല്‍ കൂലി കിട്ടില്യെ പിന്നെ നിനക്കെന്താ ബീഡി വാങ്ങ്യാല്‍, പ്പിശുക്കാ?"


“ സാറേ കാശൊന്നും തരുണില്യ ആസ്പത്രീലെ സാറന്മാര്.. വലിക്കാന്‍ പുല്ല് വെട്ടിയിടണ കൈവണ്ടി തരും, വാശിപിടിച്ചാ പിന്നെ വയറു നിറയെ തെറിയാണ്.. എനിക്ക് മത്യായ്..”


"നിനക്കു നിന്‍റെ വീട്ടില്‍ പോക്കൂടെടാ, ഇവിടെ എന്തിനാ ഇങ്ങിനെ കെടക്കണേ"... " സാറേ എന്‍റെ അപ്പനും അമ്മേം മരിച്ചു‌ന്നാ കേട്ടേ, അന്നെനിക്ക് ഇല്ലാത്ത ഭ്രാന്തു പറഞ്ഞു ഷോക്ക് തന്നു തന്നു ആശുപത്രിയില്‍ ഇട്ടിരിക്കായിരുന്നു..ഇപ്പൊ ആരൂല്യ..ആസ്പത്രീലെ വരാന്തേല്‍ കിടക്കണ റാണി ഒഴിച്ച്.."


" അതാരാടാ റാണി, എന്നാ രണ്ടു പേര്‍ക്കും കൂടി എവിടെയെങ്കിലും പോയി ജീവിച്ചൂടെ ഡാ ? "


" റാണി ആസ്പത്രീലെ പട്ട്യാ സാറേ.., നല്ല സ്നേഹാ അതിന് "


ഇതിനിടെ വഴിയിലൂടെ പോകുന്ന ചെറുപിള്ളേര്‍ മത്തായിയോട് സമയം ചോദിച്ചു.. “ മത്തായി ചേട്ടാ സമയെത്രായി..”


കയ്യില്‍ കെട്ടിയിരിക്കുന്ന ചുവന്ന ചരട് നോക്കി സമയം പറയുന്ന മത്തായി .. "ഒന്ന്… രണ്ടു …മൂന്നു… നാല്.. എട്ടു.. പത്തു ...." തല ചൊറിയുന്ന മത്തായി "ഒന്ന് ശരിക്കു പറയെന്‍റെ മത്തായ്യെ”...സഹദേവനും കൂടി


“ഇന്നലത്തെ നേരം...” മത്തായി പറഞ്ഞതും അകലെ നിന്നു വരുന്ന കോമളം സാറിന്‍റെ നിഴല്‍ കണ്ടതോടെ താഴെ കിടന്ന പുല്ലും കെട്ടും എടുത്തു കത്തുന്ന ബീഡിയും വായില്‍ വെച്ചു പുക തുപ്പുന്ന തീവണ്ടി പോലെ ഓടി.. കൂടെ ചിരിച്ചുകൊണ്ട്‌ പിളളാരും പുറകെയോടി


സഹദേവന്‍ അകലെ നിന്നും നടന്നു വരുന്ന കോമളാന്‍ടിയെ നോക്കി.. കയ്യിലെ ബീഡി താഴെക്കെറിഞ്ഞു എടുത്തിരിക്കുന്ന മുണ്ട് ശരിയാക്കി പാലതിണ്ണയില്‍ ഇരുന്നു.


കോമളാന്‍ടി അടുത്തെത്തിയപ്പോള്‍ കുശലം ചോദിച്ചു.. "എന്താ കോമളേച്ച്യെ സുഖം തന്ന്യല്ലേ.. വഴക്കൊന്നും ഇല്ലല്ലോ..ബാലേട്ടന് സുഖം തന്നെയല്ലേ.., എന്നാ വരണേ"


“എന്‍റെ സഹദേവാ എനിക്കെന്തിനാകുട്ടി വഴക്കു, ബാലേട്ടന് വരാന്‍ ലീവ്‌ കിട്ടിയിട്ടില്യ.. വല്യേ ആളല്ലേ, കമ്പനീം ആള്‍ക്കാരേം ഒക്കെ നോക്കി നടത്തണ്ടേ ഒരു പാടു പണ്യാ. അറബിക്ക്യാച്ചാല്‍ ബാലേട്ടനില്ലാതെ ഒരു കാര്യം ചെയ്യാന്‍ ഇഷ്ടമല്ല.. എഴുത്ത് വരാറുണ്ട്‌, അത് തന്നെ വിശേഷം.. "


“കഴിഞ്ഞാഴ്ച തൃപ്പയാറുള്ള ഒരു കൂട്ടുകാരന്‍ നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. കൊറേ സാധനങ്ങള്‍ കൊടുത്തയച്ചിട്ടുണ്ടായിരുന്നു .. ജട്ടീം ചോക്ലേറ്റും പേര്‍ഫ്യുമും സാരീം... എനിക്കും ഇന്ദുവിനും മാലേം.. "


“അപ്പൊ കഴിഞ്ഞാഴ്ച്ചയല്ലേ ചേച്ച്യേ വീട്ടില്‍ കള്ളന്‍ കേറീന്നു പറയണകേട്ടേ ... “അത് തന്ന്യാ എനിക്കും അത്ഭുദം, ബാലേട്ടന്‍ വന്നാലും ആരെങ്കിലും പെര്‍ഷ്യെന്നു വന്നാലും എന്‍റെ വീട്ടില്‍ കള്ളന്‍ വരും, ഈ തവണ കൊറേ ജെട്ടി കട്ടു കൊണ്ടു പോയി, ഈ കള്ളന്‍മാരുടെ ഒരു കാര്യം...”


"ഇതെന്താ കോമളേച്ച്യെ എല്ലാ തവണേം കള്ളന്‍ വന്നു ജെട്ടി മാത്രം കൊണ്ടു പോണേ... കക്കാന്‍ ഇത്രക്കധികം വീട്ടിലുണ്ടാ, അതോ ബാലേട്ടന് ശമ്പളം ജെട്ടിയിലാക്യാ"


“സഹദേവാ വേണ്ടാട്ടാ ബാലേട്ടനെ പറ്റി പറഞാല്‍ എനിക്ക് പിടിക്കില്യ..ഞാന്‍ വീട്ടിലിക്ക് പോട്ടെ.”.


(തുടരും)