Saturday 2 February 2008

പൂത്തോള്‍ കഥകള്‍ - ഒന്ന്

ഇതില്‍ പരിചയപെടുത്തുവാന്‍ ഒരുപാടു കഥാപാത്രങ്ങള്‍ ഉണ്ട്, ചുരുക്കം ചിലരെ അറിയേണ്ടത് അത്യാവശ്യമെന്ന് തോന്നി..


സഹദേവന്‍ : പാറുവേടത്തിയുടെ മക്കളില്‍ മൂന്നാമത്തെയാള്‍, മുപ്പത്തി അഞ്ചു വയസ്സെങ്കിലും തോന്നിക്കും, നാലടി പൊക്കം, നാലാം ക്ലാസ് വരെ പഠിച്ചു, പിന്നെ സേവ്യര്‍ ഫേട്ടറിയില്‍ (ഫാക്ടറി) ജോലി, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണുകളോടെ നോക്കി കാണുകയും, തന്‍റെ രക്തത്തേക്കാള്‍ രാഷ്ട്രീയ കൊടിക്ക്‌ നിറമെന്നും വാദിക്കുന്ന ഒരു പാവപ്പെട്ടവന്‍, ജനിച്ചപ്പോഴേ അക്ഷരമാലയിലെ "ഹ" യെന്ന അക്ഷരം വെടിവെച്ചു കളഞ്ഞതുകൊണ്ട് സ്വന്തം പേരു സകദേവന്‍ എന്ന് തിരുത്തിയിരിക്കുന്നു. പൂത്തോളിലെ ജനങ്ങളെ തന്‍റെ അബദ്ദങ്ങളെ കൊണ്ടു ചിരിപ്പിക്കുന്ന ഒരു സഹൃദയന്‍


മത്തായി ചേട്ടന്‍ : നാല്‍പ്പതിനു മുകളില്‍ പ്രായം, തടിച്ചിട്ടാണ്, വാസം തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലുള്ള മാനസിക ആശുപത്രിയില്‍, ഭ്രാന്തെന്നു പറഞ്ഞു ബന്ധുക്കള്‍ ആശുപത്രിയിലാക്കി പോയതില്‍ പിന്നെ പുള്ളികാരന്‍ തിരിച്ചു വീടു കണ്ടിട്ടില്ല. ആശുപത്രിയിലെ ജോലിയും പോരാതെ വന്നാല്‍ ആശുപത്രി ജീവനക്കാരുടെ വീട്ടിലെ ജോലിയും ചെയ്തു കൊടുക്കുന്ന പാവത്താന്‍, സമയം നോക്കുന്നതും പറയുന്നതും ഒരു ബലഹീനതയാണ്. കാജാ ബീഡി ഈ ലിസ്റ്റില്‍ ഒന്നാമത്തേത്.


കോമളാന്‍ടി : മുപ്പത്തി എട്ടു വയസ്സെങ്കിലും പ്രായം തോന്നും, വിവാഹിത, ഭര്‍ത്താവ് ബാലേട്ടന്‍ ദൂബായില്‍ മസ്ദ കമ്പനിയില്‍ സര്‍വീസ്‌ നടത്തുന്നു, ഭ്രാന്താശുപത്രിയിലെ ഔട്ട് പേഷ്യന്‍റ്റ് വിഭാഗത്തില്‍ നഴ്സിംഗ് അസ്സിസ്ടന്‍റ്റ് ആണ്, മക്കള്‍മൂന്ന് , വാക്കുകളില്‍ ബാലേട്ടന്‍ ദൂബായില്‍ ഷെക്കിന്‍റെ ഒക്കത്തിരിക്കുന്ന ഭാവം.
ബാലേട്ടന്‍ നാട്ടില്‍ വരുന്നതു ദേശത്തെ അയ്യപ്പന്‍ വിളക്കുപോലെ പരിസര വാസികള്‍ക്ക് നേരത്തെ അറിയാം


രംഗം : ഒന്ന്
സന്ധ്യയാകാറാകുന്നു, പൂത്തോള്‍ ശിവക്ഷേത്രത്തിനു മുന്നിലുള്ള പാലതിണ്ണയില്‍ ഇരുന്നു ആത്മാവിനു പുക കൊടുത്തു കൊണ്ടിരിക്കുന്ന സഹദേവന്‍. അമ്പലത്തില്‍ നിന്നും ഭക്തി ഗാനം ഒഴുകി വരുന്നതും കേട്ടു, വഴിയിലൂടെ പോകുന്ന പെങ്കിടാങ്ങളെയും നോക്കി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കയാണ്. വഴിയിലൂടെ മത്തായി ചേട്ടന്‍ തലയിലും കയ്യിലും വലിയ പുല്ലുകെട്ടുകളും ആയി നടന്നു വരുന്നു..


സഹദേവനെ കണ്ടതോടെ കയ്യിലെ പുല്ലുകെട്ടു താഴെ ഇട്ടു അടുത്ത് ചെന്നു ഭവ്യതയോടെ നില്‍ക്കുന്നു.


"സാറേ ഒരു ബീഡി തര്വോ, വലിച്ചിട്ടു ഒരു പാടു കാലമായി അതോണ്ടാ.., തൊണ്ടക്കു തീരെ സുഖം പോര ഒരെണ്ണം താ സാറേ”


സഹദേവന്‍ മത്തായിയുടെ മുഖ ഭാവവും തലയിലിരിക്കുന്ന പുല്ലുകെട്ടും കണ്ടു ചിരിച്ചു


" സാറേ തമാശ പറഞ്ഞതല്ല.. മത്തായിക്ക്‌ ബീഡി താ സാറേ.. പുല്ല് വലിച്ചു പുല്ല് വലിച്ചു കൈ മുറിഞ്ഞതല്ലാതെ ഒരു ഗുണോം ഇല്ല, ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി, കോമളം സാറ് പിന്നാലെ വരൂണ്ണ്ട്‌, ആ സാറ് വരുന്നേനും മുന്‍പോന്നു താ സാറേ. ഈ പുല്ല് കെട്ട് സാറിന്‍റെ വീട്ടിലെത്തിക്കാനുള്ളതാ."


സഹദേവന്‍ പോക്കറ്റില്‍ നിന്നും ബീഡിയുടെ കേട്ടെടുത്തു മത്തായിക്ക്‌ നല്‍കി “ആവശ്യമുള്ളത് എടുത്തിട്ടു ബാക്കി താ”


മത്തായിക്ക്‌ ലോട്ടറിയടിച്ച ഭാവം..തീപ്പെട്ടി സഹദേവന്‍റെ കയ്യില്‍ നിന്നും വാങ്ങി ബീഡി കെട്ട് മുഴുവനായും വായില്‍ വെച്ചു തീ കൊളുത്തി.


" ഡാ ഗട്യെ, നീയാള് ശെരിയല്ലാട്ടാ, ഇതു പുല്ലല്ല, ബീട്യാണ്, നീയോരെണ്ണം കത്തിക്യക്കെടാ, എനിക്ക് വലിക്കാന്‍ കടം വാങ്ങണംന്നാ തോന്നണേ.. കൊശവന്‍ "


മത്തായിക്ക്‌ ഇതൊന്നും ചെവിയില്‍ വീണ ഭാവമില്ല ..ബീഡിയുടെ പുക ഓട് നിര്‍മ്മിക്കുന്നയിടത്തിലെ പുക കുഴലിലൂടെ വരുന്ന പോലെ വിട്ടു കൊണ്ടു സ്വയം ചിരിക്കുകയാണ്


"എന്തൊരു സുഖം സാറേ.. ബീഡി തന്നതിന് സാറിനെ അന്തോണീസു പുണ്യാളന്‍ അനുഗ്രഹിക്കട്ടെ.." “അവന്‍റെ ഒരു അനുഗ്രഹം.. ഡാ നിനക്കു പണിചെയ്താല്‍ കൂലി കിട്ടില്യെ പിന്നെ നിനക്കെന്താ ബീഡി വാങ്ങ്യാല്‍, പ്പിശുക്കാ?"


“ സാറേ കാശൊന്നും തരുണില്യ ആസ്പത്രീലെ സാറന്മാര്.. വലിക്കാന്‍ പുല്ല് വെട്ടിയിടണ കൈവണ്ടി തരും, വാശിപിടിച്ചാ പിന്നെ വയറു നിറയെ തെറിയാണ്.. എനിക്ക് മത്യായ്..”


"നിനക്കു നിന്‍റെ വീട്ടില്‍ പോക്കൂടെടാ, ഇവിടെ എന്തിനാ ഇങ്ങിനെ കെടക്കണേ"... " സാറേ എന്‍റെ അപ്പനും അമ്മേം മരിച്ചു‌ന്നാ കേട്ടേ, അന്നെനിക്ക് ഇല്ലാത്ത ഭ്രാന്തു പറഞ്ഞു ഷോക്ക് തന്നു തന്നു ആശുപത്രിയില്‍ ഇട്ടിരിക്കായിരുന്നു..ഇപ്പൊ ആരൂല്യ..ആസ്പത്രീലെ വരാന്തേല്‍ കിടക്കണ റാണി ഒഴിച്ച്.."


" അതാരാടാ റാണി, എന്നാ രണ്ടു പേര്‍ക്കും കൂടി എവിടെയെങ്കിലും പോയി ജീവിച്ചൂടെ ഡാ ? "


" റാണി ആസ്പത്രീലെ പട്ട്യാ സാറേ.., നല്ല സ്നേഹാ അതിന് "


ഇതിനിടെ വഴിയിലൂടെ പോകുന്ന ചെറുപിള്ളേര്‍ മത്തായിയോട് സമയം ചോദിച്ചു.. “ മത്തായി ചേട്ടാ സമയെത്രായി..”


കയ്യില്‍ കെട്ടിയിരിക്കുന്ന ചുവന്ന ചരട് നോക്കി സമയം പറയുന്ന മത്തായി .. "ഒന്ന്… രണ്ടു …മൂന്നു… നാല്.. എട്ടു.. പത്തു ...." തല ചൊറിയുന്ന മത്തായി "ഒന്ന് ശരിക്കു പറയെന്‍റെ മത്തായ്യെ”...സഹദേവനും കൂടി


“ഇന്നലത്തെ നേരം...” മത്തായി പറഞ്ഞതും അകലെ നിന്നു വരുന്ന കോമളം സാറിന്‍റെ നിഴല്‍ കണ്ടതോടെ താഴെ കിടന്ന പുല്ലും കെട്ടും എടുത്തു കത്തുന്ന ബീഡിയും വായില്‍ വെച്ചു പുക തുപ്പുന്ന തീവണ്ടി പോലെ ഓടി.. കൂടെ ചിരിച്ചുകൊണ്ട്‌ പിളളാരും പുറകെയോടി


സഹദേവന്‍ അകലെ നിന്നും നടന്നു വരുന്ന കോമളാന്‍ടിയെ നോക്കി.. കയ്യിലെ ബീഡി താഴെക്കെറിഞ്ഞു എടുത്തിരിക്കുന്ന മുണ്ട് ശരിയാക്കി പാലതിണ്ണയില്‍ ഇരുന്നു.


കോമളാന്‍ടി അടുത്തെത്തിയപ്പോള്‍ കുശലം ചോദിച്ചു.. "എന്താ കോമളേച്ച്യെ സുഖം തന്ന്യല്ലേ.. വഴക്കൊന്നും ഇല്ലല്ലോ..ബാലേട്ടന് സുഖം തന്നെയല്ലേ.., എന്നാ വരണേ"


“എന്‍റെ സഹദേവാ എനിക്കെന്തിനാകുട്ടി വഴക്കു, ബാലേട്ടന് വരാന്‍ ലീവ്‌ കിട്ടിയിട്ടില്യ.. വല്യേ ആളല്ലേ, കമ്പനീം ആള്‍ക്കാരേം ഒക്കെ നോക്കി നടത്തണ്ടേ ഒരു പാടു പണ്യാ. അറബിക്ക്യാച്ചാല്‍ ബാലേട്ടനില്ലാതെ ഒരു കാര്യം ചെയ്യാന്‍ ഇഷ്ടമല്ല.. എഴുത്ത് വരാറുണ്ട്‌, അത് തന്നെ വിശേഷം.. "


“കഴിഞ്ഞാഴ്ച തൃപ്പയാറുള്ള ഒരു കൂട്ടുകാരന്‍ നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. കൊറേ സാധനങ്ങള്‍ കൊടുത്തയച്ചിട്ടുണ്ടായിരുന്നു .. ജട്ടീം ചോക്ലേറ്റും പേര്‍ഫ്യുമും സാരീം... എനിക്കും ഇന്ദുവിനും മാലേം.. "


“അപ്പൊ കഴിഞ്ഞാഴ്ച്ചയല്ലേ ചേച്ച്യേ വീട്ടില്‍ കള്ളന്‍ കേറീന്നു പറയണകേട്ടേ ... “അത് തന്ന്യാ എനിക്കും അത്ഭുദം, ബാലേട്ടന്‍ വന്നാലും ആരെങ്കിലും പെര്‍ഷ്യെന്നു വന്നാലും എന്‍റെ വീട്ടില്‍ കള്ളന്‍ വരും, ഈ തവണ കൊറേ ജെട്ടി കട്ടു കൊണ്ടു പോയി, ഈ കള്ളന്‍മാരുടെ ഒരു കാര്യം...”


"ഇതെന്താ കോമളേച്ച്യെ എല്ലാ തവണേം കള്ളന്‍ വന്നു ജെട്ടി മാത്രം കൊണ്ടു പോണേ... കക്കാന്‍ ഇത്രക്കധികം വീട്ടിലുണ്ടാ, അതോ ബാലേട്ടന് ശമ്പളം ജെട്ടിയിലാക്യാ"


“സഹദേവാ വേണ്ടാട്ടാ ബാലേട്ടനെ പറ്റി പറഞാല്‍ എനിക്ക് പിടിക്കില്യ..ഞാന്‍ വീട്ടിലിക്ക് പോട്ടെ.”.


(തുടരും)

16 comments:

മൃദുല said...

good chettaayi

ഗീത said...

ഈ തുടര്‍ക്കഥയുടെ ഒന്നാം ഭാഗം നന്നായിട്ടുണ്ട്.
അടുത്തതിനായി കാത്തിരിക്കുന്നു..

അപര്‍ണ്ണ said...

തുടര്‍ക്കഥ..ആഹാ..അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു. :)

ഹരിശ്രീ said...

ഗോപന്‍ ജീ,

കൊള്ളാം...

അടുത്ത ഭാഗത്തിനായി കാത്തിരിയ്കുന്നു...

Gopan | ഗോപന്‍ said...

കാടന്‍ വെറും നാടന്‍, ഗീത ചേച്ചി, അപര്‍ണ്ണ, ഹരിശ്രീ : ഇതു വായിച്ചതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി.കൂടുതല്‍ വൈകാതെ അടുത്ത ഭാഗം എഴുതുവാന്‍ ശ്രമിക്കാം

സ്നേഹത്തോടെ
ഗോപന്‍

Mahesh Cheruthana/മഹി said...

ഗോപന്‍ ജീ,
നന്നായിട്ടുണ്ട്!ഇനിയും പ്രതീഷിക്കുന്നു!

Gopan | ഗോപന്‍ said...

മഹി
വളരെ നന്ദി.

കൊസ്രാക്കൊള്ളി said...

രണ്ടാമതൊരു വരവു കൂടി വരേണ്ടിവരും

പാമരന്‍ said...

വളരെ ഇഷ്ടപ്പെട്ടു..

മൂര്‍ത്തി said...

പൂത്തോള്‍, പടിഞ്ഞാറെക്കോട്ട.അഞ്ചുമുറി പൂങ്കുന്നത്തെ അഞ്ചുമുറി ആണോ?

Gopan | ഗോപന്‍ said...

കൊസ്രാക്കൊള്ളി: ഞാന്‍ രണ്ടാം ഭാഗം എഴുതീട്ടിണ്ട് ട്ടോ, വായിച്ചോളൂ
പാമരന്‍: വളരെ നന്ദി
മൂര്‍ത്തി സാര്‍ : അഞ്ചുമുറി പൂത്തോളില്‍ തന്നെ ഉള്ളതാണ്, പൂങ്കുന്നത്തെയല്ല

ശ്രീ said...

നല്ല തുടക്കം മാഷേ...
ഒന്നാം ഭാഗം വായിച്ച ശേഷം അടുത്തതിലേയ്ക്ക് പോകാമെന്നു കരുതി.
:)

Gopan | ഗോപന്‍ said...

ശ്രീ മാഷേ : വളരെ നന്ദി.എഴുത്തിലെ പോരായ്മകള്‍ ദയവായി എഴുതുക, തിരുത്തുവാന്‍ ശ്രമിക്കാം.

ശ്രീവല്ലഭന്‍. said...

ഗോപരെ,
ഇതൊന്നും ഈ ഞാന്‍ ഒരു അഗ്രഗേറ്ററിലും കണ്ടില്യാല്ലോ? ഇതു നല്ല ഗംഭീരം എഴുത്ത്. കൊള്ളാം. ഇനി എല്ലാം ഒന്നു വായിച്ചിട്ട് മൊത്തത്തിനു നീട്ടി ഒരു കമന്റ് ഇടാം.

ചില അക്ഷര പിശാച് കണ്ടു. (കണ്ടപ്പോള്‍ എഴുതിയെന്നേ ഉള്ളു)

അബദ്ദങ്ങളെ = അബദ്ധങ്ങളെ (സഹാദേവനെ കുറിച്ചുള്ള വിവരണത്തിന്റെ അവസാനം)

അത്ഭുദം = അത്ഭുതം (താഴെ നിന്നും മു‌ന്നാമത്തെ പാര)

ജന്മസുകൃതം said...

ഞാനും ഇതിലേ ഒന്നു കടന്നു പോകുന്നുണ്ടേ

മാണിക്യം said...

ഞാന്‍ അറിഞ്ഞില്ലാ
ഈ മാതിരി ഒരു വിഭവം
ഇവിടെയുണ്ടെന്ന്,
ഇന്നു ഈ നലു ഭാഗവും
വായിച്ചിട്ടു തന്നെ ബാക്കി കാര്യം!!