ടേപ്പ് റികോര്‍ഡറില്‍ നിന്നും ഒഴുകിവരുന്ന തമിഴ് പാട്ട്, "നേത് രാത്തിരി യംമ"
സോഫയില്‍ ഇരുന്നു പാട്ടാസ്വദിക്കുന്ന നത്തും താപ്പയും അമ്മയും (ആനന്ദന്‍).
"ഗട്യെ, പള്ളസൈടിനെ (സക) കാണാനില്ലല്ലാ, എട്ടരെക്കെങ്കിലും ഇറങ്ങിയാലെ പടം കാണാന്‍ പറ്റൊള്ളൂ.."
"പള്ളവരും, പാറുവേടത്തീടെ അനുഗ്രഹം വാങ്ങാന്‍ പോയതാവും, ഒരു വഴിക്കുപോകല്ലേ "
" കണ്ണാ (കിഷോറിന്‍റെ നല്ല വിളിപ്പേരു) നീ പോയി സൈക്കിളെടുത്തിട്ടുവാ, വരുമ്പോ ഭടനേം വിളിക്ക്. ഞാന്‍പോയി സകേനെ നോക്കീട്ട് വരാം ", താപ്പ സകയുടെ വീട്ടിലേക്ക് പോയി.
സകയുടെ വീടിന്‍റെ പുറത്തു നില്‍ക്കുന്ന താപ്പ.
സകയുടെ ചേട്ടന്‍ കൊച്ചുണ്ണി വീടിനു പുറത്തു വരുന്നു..
താപ്പയെ കണ്ടപ്പൊള്‍ അത്ബുദം.
"എന്തെ പ്രദ്യെ, നീയിവിടെ, സൊകല്ലേ നിനക്കു "
" സുഖം, കൊച്ചുണ്യേട്ടാ, പടത്തിനു പൂവാന്നു വെച്ചു വന്നതാ. സകെ ഒന്നു വിളിക്കോ.. "
നീളത്തിലുള്ള തന്‍റെ കൊമ്പന്‍ മീശ തടവിക്കൊണ്ട് സകയെ വിളിക്കുന്ന കൊച്ചുണ്ണി.
"ഡാ സകെ, പ്രദീ വന്നക്ക്ണ്, നീയ് പടത്തിനു പൂവുണ്‌ണ്ടാന്നു ചോദിയ്ക്കാന്‍."
മീശ മിനുക്കുന്ന പണിക്കിടയില്‍ താപ്പയെ ഒളികണ്ണിട്ടു നോക്കുന്ന കൊച്ചുണ്ണി.
ചിരിയടക്കി നില്‍ക്കുന്ന താപ്പ.
" മീശ കലക്കീണ്ട് കൊച്ചുണ്യേട്ടാ " താപ്പ അഭിപ്രായം പറഞ്ഞു.
" പ്രദ്യെ, ഈ മീസ്സെമ്മ്യാ കെടക്കണേ എല്ലാം, യൂണിയന്‍ ആപ്പീസിന്നു തൊട്ടു കൊക്കാല ഗൂട്സ് സ്സെടടില്‍ വരെ എന്‍റെ മീസേ പറ്റി പറയാത്ത ആരൂല്യ.
"മോനേ ആണായാ മീസ വേണം, ഇല്ലെങ്കെ പിന്നെ അടുക്കള പണ്യാ നല്ലത് ."
കൊച്ചുണ്ണി പറയുന്നതു കേട്ടു വീടിനു പുറത്തു വരുന്ന സകയും പാറുവേടത്തിയും.
"ഓ ഒരു മീസക്കാരന്‍., പോയി വല്ല വേലി പൊളിഞ്ഞോടത്തു പോയി ഇരിക്കെടാ., വെലിക്കെങ്കിലും ഉപകാരാവട്ടെ " പാറുവേടത്തീടെ വെടിപോട്ടും പോലുള്ള ശബ്ദം കേട്ടു താപ്പ ഞെട്ടി.
കൊച്ചുണ്ണിയുടെ പടം വീടിന്‍റെ പുറക് വശത്തുള്ള ഇരുട്ടില്‍ അലിഞ്ഞില്ലാതെയായി.
"വാ താപ്പേ, പോവാം, വൈകീന്നാ തോന്നണേ. എന്‍റെ മൊടപ്പിലായി ഭഗവത്യെ.. രക്ഷിക്കണേ."
നിലത്തു പതിയെ ശ്രദ്ധിച്ചു കാല്‍ വെക്കുന്ന സക.
"സകെ, നീ മര്‍മം നോക്കി ഇങ്ങനെ ചവിട്ടി വന്നാ പടം തീരും. ഒന്നു വേഗം നടക്ക്."
"ഗട്യെ, കാലുംമ്മല്‍ത്തെ ആണി പഴുത്ത നെലേലാ, നടക്കാന്‍ വയ്യ. സൈക്കിളും ചവിട്ടാന്‍ വയ്യ. "
"നിന്‍റെ സൈക്കിളെടുക്ക്, ഞാന്‍ ചവിട്ടാം. " താപ്പ പറഞ്ഞു
സൈക്കിളെടുത്ത് വരുന്ന സക, വീടിന്‍റെ പുറത്തു സകയെ നോക്കി നില്‍ക്കുന്ന പാറുവേടത്തി.
"ഡാ പ്രദ്യെ, നീയിവനെ നോക്കിക്കോളോട്ടാ, ഇവന് ഇത്തിരി പേടി കൂടുതലാ. "
"ഒന്നു പോ അമ്മേ., ഞാനെന്താ കുട്ട്യാ, പേടിച്ചു നെലവിളിക്കാന്‍ "
"അത് ഞാന്‍ കണ്ടു,ഒന്നും രണ്ടും ദീസാ പനിപിടിച്ചു കെടന്നെ, എന്നെക്കൊണ്ട് നീയ്പറയിപ്പിക്കണ്ടാ.."
പാറുവേടത്തിയുടെ മനസ്സുമാറുന്നതിന് മുന്‍പ് രക്ഷപ്പെടാന്‍ താപ്പ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി.
ആനന്ദന്‍റെ വീട്ടിനു മുന്‍പില്‍ സൈക്കിളില്‍ കാത്തു നില്‍ക്കുന്ന ഭടനും, നത്തും, അമ്മയും പിന്നെ പൂച്ചകടിയും.
"എന്തെ സകെ, പാറുവേടത്തി വിട്ടില്യെ പടത്തിനു." നത്തു കളിയാക്കി ചോദിച്ചു.
രസിക്കാത്ത മട്ടില്‍ നോക്കുന്ന സകദേവന്‍. പിന്നെ പൂച്ചകടിയെ നോക്കി
" എന്താ പൂച്ചകട്യെ, രാത്രി പടത്തിനൊക്കെ അപ്പന്‍ വിട്ടു തോടങ്ങ്യാ.?" .
"ഇല്യ സകദെവെട്ടാ, മതില് ചാടീട്ടാ ഞാന്‍ വന്നെ. അപ്പന്‍ നല്ല ഫിറ്റാ, അമ്മയോട് പറഞ്ഞു. അപ്പന്‍ അറിഞ്ഞാ കാല് വെട്ടും."
"പടം കഴിഞ്ഞിട്ടല്ലേ, അപ്പൊ കൊഴപ്പില്യ ! "
സൈക്കിളുകള്‍ രാഗം തിയറ്ററിനെ ലക്ഷ്യമാക്കി നീങ്ങി, താപ്പ ചവിട്ടുന്ന സൈക്കിളില്‍ സകയും, ഭടന്‍റെ സൈക്കിളില്‍ ആനന്ദനും, നത്തിന്‍റെ സൈക്കിളില്‍ പൂച്ചകടിയും ആണ് മുന്‍വശത്തിരിക്കുന്നത്.
പൂത്തോള്‍ പോസ്റ്റ് ഓഫീസും കടന്നുള്ള കയറ്റത്തില്‍ പൂച്ചകടിയും ആനന്ദനും സൈക്കിളില്‍ നിന്നും താഴെയിറങ്ങി. അമ്മ സകദേവനെയും സൈക്കിള്‍ ചവിട്ടുന്ന താപ്പയെയും മാറി മാറി നോക്കി.
"ഇതെന്താപ്പാ ഇതു!. എന്താ ഒരു സ്നേകം. പാറുവേടത്തി പറഞ്ഞതു അക്ഷരം പ്രതി അനുസരിക്ക്യാ താപ്പേ."
സകയുടെ ഭാരവും വഴിയിലുള്ള കുറുപ്പിന്‍റെ ലോറികളില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും ചേര്‍ന്നപ്പോള്‍ താപ്പയുടെ മറുപടി ഒരു തുറിച്ചു നോട്ടം മാത്രമായി.
"ന്‍റെ കാലുമ്മേ ആണിയാണ്ടാ ഗട്യെ, രണ്ടെണ്ണം പറക്കേണ്ട സമയായി"
"ന്നാ പറച്ചിട്ടു കൊണ്ടുപോയി തൃശ്ശൂര്‍ അങ്ങാടീല് കൊടുക്ക് ഗട്യെ, നല്ല കാശു കിട്ടും" ഭടന്‍ പരിഹസിച്ചു
പൂച്ചകടിയും ആനന്ദനും ജീവിച്ചിരിക്കുന്ന ലോറി കുറുപ്പിന്‍റെ ആത്മാവിനു വേണ്ടി പ്രാര്‍തിച്ചു കൊണ്ടു മൂക്കും പൊത്തി വേഗത്തില്‍ നടന്നു.
തൃശ്ശൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുവാന്‍ കുറുപ്പ് ടെണ്ടര്‍ പിടിച്ചിട്ടു വര്‍ഷങ്ങള്‍ ഒരുപാടായി. പരിസരവാസികള്‍ക്ക് കുറുപ്പിന്‍റെ ലോറികള്‍ ഇടുന്ന സ്ഥലം എത്തുമ്പോള്‍ ഒരു ഉള്‍പ്രേരണപോലെ കൈകള്‍ മൂക്കില്‍ വരും, വരണം. അതാണ് നിയമം.
കയറ്റം കഴിഞ്ഞപ്പോള്‍ പൂച്ചകടിയും ആനന്ദനും തിരിച്ചു സൈക്കിളില്‍ കയറി. തൃശ്ശൂര്‍ മഹാത്മാഗാന്ധി റോഡിലൂടെ നടുവിലാലും കടന്നു സൈക്കിളുകള്‍ രാഗം തിയറ്ററില്‍ എത്തി.
സെക്കന്‍റ് ഷോവിനും തിയ്യറ്ററില്‍ തിരക്കാണ്. ജോസേട്ടനെ തിരഞ്ഞു പിടിച്ചു ടിക്കറ്റും വാങ്ങി എല്ലാവരും തിയറ്ററില്‍ കയറി.
റിലീസ് ചെയ്യുവാനുള്ള സിനിമകളുടെ പരസ്യങ്ങള്‍ കാണുന്നതിനടയില്‍ സക ഭടന്‍റെ ചെവിയില്‍ ചോദിച്ചു.
“ഗട്യെ, കൊഴപ്പം ഒന്നൂണ്ടാവില്യല്ലോ, ഞാന്‍ പെട്ടിതാങ്ങി (അടിവസ്ത്രം) ഇടാന്‍ തെരക്കിന്‍റെടേല് മറന്നു"
ഭടന്‍ ഉറക്കെ ചിരിച്ചു, പിന്നെയത് കൂട്ടച്ചിരിയായി.
"ഗിരിജേലിക്ക് പൂവാഞ്ഞത് ഭാഗ്യം, മൂട്ടകള്‍ക്ക് പണിയായേനെ.” അമ്മ പറഞ്ഞു.
പടം തുടങ്ങി, ഭടനും താപ്പയും ആണ് ആസ്ഥാന വിവര്‍ത്തകര്‍.
“പോള്‍ട്ര്‍ ഗൈസ്ട്ട്”
കരോള്‍ എന്ന അഞ്ചു വയസ്സുകാരിയെ ടി വിയുടെ മുന്നിലേക്ക് പ്രേതം വിളിപ്പിക്കുന്നത്തോടെ സകദേവന്‍റെ ചങ്കിടിപ്പു കൂടുന്നത് ഭടനും അമ്മയും അറിഞ്ഞു.
ടി വിയില്‍ നിന്നു വരുന്ന പച്ച വെളിച്ചം കുട്ടിയെ തട്ടുന്നതോടെ നടുക്കുന്ന ശബ്ദത്തോടെ വീട് കുലുങ്ങുന്നു.. കണ്ണടച്ചിരിക്കുന്ന സക, സീറ്റില്‍ നിന്നും താഴെ എത്തിയ പൂച്ചകടി.
"ഡേവ്യെ, ചൂണ്ടയിടാന്‍ ഇരിക്ക്യാ, കേറി മേലെ ഇരിക്കാടാ ഗട്യെ, ഇതു അപ്പന്‍ടത്ര പ്രശ്നള്ളതല്ല. " താപ്പ പൂച്ചകടിക്ക് ധൈര്യം കൊടുത്തു.
"സകെ, മുള്ളാന്‍ വരട്ടെ ട്ടാ ഇനീം ബാക്കീണ്ട് കാണാന്‍" അമ്മ പറഞ്ഞു.
പ്രശ്നങ്ങള്‍ വഷളായി കൊണ്ടിരിക്കുന്നു സ്ക്രീനില്‍, കരോളിനെ ക്ലോസറ്റിലൂടെ പ്രേതം കൊണ്ടു പോകുന്നത്തോടെ, സക വിറച്ചു തുടങ്ങി.
"ഡാ ഗട്യെ, മുള്ളീട്ടു വരാം, " എന്ന് പറഞ്ഞതും ഒരു കാറ്റു പോലെ സക മറഞ്ഞതും ഒന്നിച്ചായിരുന്നു..
"ഇപ്പൊ, പള്ള സൈടിന്‍റെ കാലുമ്മലുത്തെ ആണിക്ക് ഒരു വേദനേം ഇല്ല" സക പോകുന്നത് നോക്കി ഭടന്‍ പറഞ്ഞു.
ഇന്റര്‍വെല്‍ ആയിട്ടും സക തിരിച്ചു വന്നില്ല.
താപ്പ പോയി നോക്കി തിരിച്ചു വന്നു.. "ഗട്യെ ആള് മുങ്ങീന്നാ തോന്നണേ. "
"എന്തായാലും വീട്ടിലിക്ക് ഒറ്റക്ക് പോവില്ല, അവടെ സൊഹറയില്ലേ..,
പിന്നെ കാലുമ്മേ മര്‍മ്മോം. തിയറ്ററിന്‍റെ പൊറത്ത് ഇരിക്കിണ്ടാവും " നത്തു പറഞ്ഞു.
പടം ഇന്റര്‍വെല്‍ കഴിഞ്ഞു വീണ്ടും തുടങ്ങി. പൂച്ചകടിയിരിന്നു വിറക്കുകയാണ്
തിയറ്ററിന്‍റെ സാങ്കേതിക മേന്മ ഭയം ഇരട്ടിപ്പിച്ചതല്ലാതെ മനസ്സമാധാനം കൊടുത്തില്ല.
പടം എന്താണ് തീരാത്തതെന്നു ആലോചിച്ചിട്ട് പൂച്ച കടിക്ക് ഒരെത്തും പിടുത്തവും കിട്ടുന്നില്ല.
ഇടയ്ക്ക് ഭടനെയും നത്തിനെയും നോക്കി അവരു കൂടെയുണ്ടല്ലോ എന്നാലോചിച്ചു സമാധാനിച്ചു.
സകയെ പടം കഴിയുന്ന വരെ കണ്ടില്ല. പുറത്തിറങ്ങുമ്പോള്‍ ജോസേട്ടന്‍റെ കൂടെ തമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു സക. താപ്പയെ കണ്ടതോടെ ജോസേട്ടന്‍ ചോദിച്ചൂ.
"പ്രദീപാ, ഈ ഗടിക്ക് എന്തിനാ നീ ടിക്കറ്റ് എടുത്തെ, ഇവിടത്തെ കക്കൂസിലിരുന്നു ഉറങ്ങാന്‍ ടിക്കറ്റ് വേണ്ട, ഞാന്‍ ഇവനെ ഉള്ളിലിട്ടു പൂട്ടെണ്ടാതാ, ഭാഗ്യത്തിന് വാതിലുംമേ കൊട്ടിയപ്പോ ഇവന്‍ എണീറ്റു.അല്ലെങ്കെ, മോണിംഗ് ഷോ കഴിഞ്ഞെറെങ്ങാര്‍ന്നു “
എല്ലാവരും ചിരിച്ചുകൊണ്ടു സൈക്കിള്‍ സ്ടാണ്ടിനടുത്തേക്ക് നടന്നു.
ബാക്കിയുള്ള രാത്രി എങ്ങനെ കഴിച്ചുതീര്‍ക്കും എന്നാലോചിക്കുന്ന സക.
(തുടരും)
5 comments:
nannayiTTuNt maashe
കൊള്ളാം
അനൂപ്, സപ്ന
ഇതുവഴി വന്നതിനും
അഭിപ്രായമെഴുതിയതിനും വളരെ നന്ദി.
സ്നേഹത്തോടെ
ഗോപന്‍
ഗോപര്‍,
ഇതും വായിച്ചു. കൊള്ളാം :-)
ഇതൊന്നും അഗ്രഗേടരില്‍ വരാഞ്ഞതോ, എന്റെ കണ്ണിനു പിടിക്കാഞ്ഞതോ?
Poltergeist
ഇനി ഒന്നു കാണണം
നന്നായി ഈപൊസ്റ്റ് അഗ്രഗേറ്ററില്‍ വരുത്തണം
ഇത്രയും നല്ല ഒരു പോസ് വായനക്കാരില്‍ എത്താത്തത് നഷ്ടാണു....
പടം കാണാന്‍ ശരിക്കും ആ കൂട്ടത്തില്‍
ഉണ്ടായിരുന്നു എന്ന ഫീലിങ്ങ് ♥
Post a Comment